വിടവാങ്ങിയത് കാസർകോടിന്റെ ഹൃദയത്തിൽ ഇടംനേടിയ വക്കീൽ

 വിദ്യാനഗർ: കാസർകോട്ടെ അഭിഭാഷക സമൂഹത്തിനിടയിൽ പൊതു സ്വീകാര്യനായിരുന്ന ബി.കരുണാകരന്റെ അപ്രതീക്ഷിത വിയോഗം വ്യാഴാഴ്ച വൈകീട്ട് നടുക്കത്തോടെയാണ് പൊതുസമൂഹം ശ്രവിച്ചത്.



എളിമയും വിനയവും ലാളിത്യവും മുഖമുദ്രയായിരുന്ന കരുണാകരൻ വക്കീൽ പരിചയപ്പെടുന്ന ആരിലും എക്കാലവും സ്നേഹത്തിന്റെ മുദ്രകൾ ചാർത്തിയിരുന്നു.


കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആർക്കും എപ്പോഴും സമീപിക്കാവുന്ന സൗമ്യ സാന്നിധ്യംകൂടിയായിരുന്നു അദ്ദേഹം. തൊഴിലിനോടുള്ള ആത്മസമർപ്പണ മനോഭാവം കരുണാകരൻ വക്കീലിന്റെ സവിശേഷതയായിരുന്നു. നോട്ടറി പബ്ലിക്ക് എന്ന നിലയിൽ ഒരിക്കലും ആ പദവി സാമ്പത്തികനേട്ടത്തിനുവേണ്ടി അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടില്ല.


ജില്ലയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽനിന്ന്‌ കേസിനായെത്തുന്ന പാവപ്പെട്ട കക്ഷികളിൽനിന്ന് നാമമാത്രമായ ഫീസാണ് വാങ്ങി വന്നിരുന്നത്. അതോടൊപ്പം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരെ അങ്ങോട്ട് സഹായിക്കുന്നതായിരുന്നു താത്‌പര്യം. അഭിഭാഷക വൃത്തിയെ അദ്ദേഹം ഒരിക്കലും സാമ്പത്തിക താത്‌പര്യങ്ങളുമായി കൂട്ടിക്കെട്ടിയിരുന്നില്ല.



നഗരസഭാ കൗൺസിലർ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് സി.പി.എം. നേതാവും കരുണാകരൻ വക്കീലിനൊപ്പം നഗരസഭാ അംഗവുമായിരുന്ന എം.സുമതി പറഞ്ഞു.


കാരുണ്യത്തിന്റെയും ആർദ്രതയുടെയും കെടാവിളക്ക് മനസ്സിൽ കാത്തുസൂക്ഷിച്ച അദ്ദേഹം പാവപ്പെട്ടവരോട് അനുകമ്പയും സഹായവും അർപ്പിക്കുന്നതിൽ ഒരിക്കലും പിശുക്കുകാട്ടിയിരുന്നില്ലെന്ന് കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.സി.അശോക്‌കുമാർ പറഞ്ഞു.


കാസർകോട് സഹകരണ അർബൻ സഹകരണ സംഘത്തിന്റെ രൂപവത്കരണം മുതൽ ഭരണസമിതി അംഗമായിരുന്നു. അന്യരെ സഹായിക്കുന്നതിൽ ആത്മ നിർവൃതി കണ്ടെത്തുന്ന അപൂർവം വ്യക്തികളിലൊരാളായിരുന്നു കരുണാകരൻ വക്കീലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.വി.പ്രഭാകരൻ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today