കോഴിക്കോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അബ്ദുര്‍റഹ്മാന്‍ ഔഫിനെ സഖാവാക്കി മൃതദേഹം കൈയടക്കിയ സിപിഎമ്മിനെതിരേ പരസ്യ പ്രതിഷേധവുമായി കാന്തപുരം സുന്നി നേതൃത്വം രംഗത്ത്. സിപിഎമ്മിനെതിരേ കടുത്ത അമര്‍ഷമാണ് എസ് വൈ എസ്, എസ്‌എസ്‌എഫ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഔഫിനെ പാര്‍ട്ടി രക്തസാക്ഷിയാക്കാന്‍ വ്യഗ്രത കാട്ടിയ സിപിഎം മരണാനന്തര കര്‍മങ്ങള്‍ക്കു പോലും തടസ്സം നിന്നെന്നാണ് എപി സുന്നി വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയോ പാര്‍ട്ടി അംഗത്വമെടുക്കുകയോ ചെയ്യാത്ത ഔഫ് കൊല്ലപ്പെട്ടപ്പോള്‍ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് അപമാനിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി എസ് വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കബീര്‍ എളേറ്റില്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് ഔഫിന് നിഷേധിക്കപ്പെട്ടതായി എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ എപി സുന്നി പ്രസിദ്ധീകരണമായ 'രിസാല 'വാരികയുടെ ചീഫ് സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂര്‍ ഫേസ് ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പുകൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്ബര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകള്‍ക്ക് മെംബര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന 'ബഹുമതി' ഡിവൈഎഫ്‌ഐക്കും സിപിഎമ്മിനുമിരിക്കട്ടെ. സഖാക്കളേ, 'ഞങ്ങള്‍'ക്കൊപ്പമുണ്ട് എന്ന് നിങ്ങള്‍ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത് അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകമാണ്. മരിച്ചവര്‍ക്കും അവകാശമുണ്ട്. അതുപക്ഷേ, മരണാനന്തരം പാര്‍ട്ടി അംഗത്വം നല്‍കലോ പാര്‍ട്ടി പതാക പുതപ്പിക്കലോ അല്ലെന്നും മുഹമ്മദലി സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നു. ജീവിതകാലത്ത് ഒരിക്കല്‍ പോലും പാര്‍ട്ടി പതാക പിടിച്ചിട്ടില്ലാത്ത ഔഫ് മരിച്ചുവീണപ്പോള്‍ ചുവന്ന പതാകയില്‍ പൊതിഞ്ഞു കിടത്തി പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്നത് കാണുമ്ബോള്‍ മുന്‍ എംഎല്‍എ മത്തായി ചാക്കോയുമായി ബന്ധപ്പെട്ട വിവാദമാണ് ഓര്‍മ വരുന്നതെന്നാണ് എസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് ഫേസ് ബുക്കില്‍ കുറിച്ചത്. ''2006 ലാണ് എന്നാണ് ഓര്‍മ. സിപിഎം നേതാവും തിരുവമ്ബാടി നിയോജകമണ്ഡലം എംഎല്‍എയും ആയിരുന്ന സഖാവ് മത്തായി ചാക്കോ വിടപറഞ്ഞത് ആ വര്‍ഷമാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റും ജനകീയനും ആയിരുന്നു ചാക്കോ. എന്നാല്‍ മരിക്കും മുമ്ബ് മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറഞ്ഞ്
താമരശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് വലിയ വിവാദം തന്നെ കേരളത്തില്‍ നടക്കുകയുണ്ടായി. ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിച്ച സഖാവിനെ മരണാനന്തരം ഏറ്റെടുക്കുകയാണ് ബിഷപ്പും ക്രൈസ്തവ സഭയും ചെയ്യുന്നത് എന്നാരോപിച്ച് സിപിഎം രംഗത്ത് വന്നു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നു ഇന്നത്തെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍. ബിഷപ്പിനെ നികൃഷ്ടജീവി എന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറി അഭിസംബോധന ചെയ്തത്. മരിച്ചുപോയ മത്തായി ചാക്കോ തിരിച്ചുവന്നിരുന്നെങ്കില്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പുമായിരുന്നു എന്നുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
ജീവിതകാലത്ത് ഒരിക്കല്‍ പോലും പാര്‍ട്ടി പതാക പിടിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍ മരിച്ചുവീണപ്പോള്‍ ചുവന്ന പതാകയില്‍ പൊതിഞ്ഞ് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്നത് കാണുമ്ബോള്‍ ഓര്‍മ വന്നതാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കണം. കഠാര രാഷ്ട്രീയത്തെ നിശിതമായി ചെറുത്തുതോല്‍പിക്കണം. സമുദായത്തിന്റെ നീര് കുടിച്ച് തിടംവച്ച് വീര്‍ത്തവര്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെപ്പോലെ അതേ സമുദായത്തെ കൊത്തിവലിക്കുന്നത് കാണുമ്ബോള്‍ ആ ഇരട്ടത്താപ്പ് തുറന്നു കാണിക്കണം. എല്ലാം ശരി. അതുപക്ഷേ, ജീവിച്ചിരുന്ന ശരീരങ്ങളോട് കൂടി നീതി പുലര്‍ത്തിയാവണമെന്ന് മാത്രം കുറിപ്പില്‍ പറയുന്നു.