സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് തകര്‍ത്ത് കവർച്ച: ഒരു ലക്ഷം രൂപയും സാധനങ്ങളും നഷ്ടമായി

 കാസര്‍കോട്: ചൗക്കി ബദര്‍ നഗറില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച. ഒരു ലക്ഷം രൂപയും സാധനങ്ങളും കവര്‍ന്നു. പി.പി.ഇ കിറ്റാണ് തോന്നിപ്പിക്കുന്ന വേഷം ധരിച്ചെത്തിയ രണ്ടുപേര്‍ മോഷണം നടത്തുന്നതിന്റെ ചിത്രം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പൊയിനാച്ചി കുണിയയിലെ കെ.എ റഹീമിന്റെ ഉടമസ്ഥതയില്‍ ചൗക്കി ബദര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കടയടച്ച് പോയതായിരുന്നു. റഹീമും ജീവനക്കാരും ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. മേശവലിപ്പിലുണ്ടായിരുന്ന പണവും സിഗരറ്റ്, മിഠായി ഉള്‍പ്പെടെയുള്ളവയാണ് കവര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കോട്ട് ധരിച്ചെത്തിയ ഒരാള്‍ മേശവലിപ്പില്‍ നിന്ന് പണം കവരുന്നതും പിന്നീട് കോട്ടിന്റെ പോക്കറ്റില്‍ തിരുകിയിടുന്നതുമായ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. കയ്യുറകളും ധരിച്ചിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today