ചെങ്കളകാസർഗോഡ്: മുസ്ലിം ലീഗും എൽഡി എഫ് സ്വതന്ത്രനും എസ്ഡിപിഐ യും ശക്തമായ സാന്നിധ്യമറിയിക്കുന്ന ചെങ്കള ഡിവിഷന് ഇത്തവണ പോരാട്ടപുതുമ. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഷാനവാസ് പാദൂർ കോൺഗ്രസിൽ നിന്ന് രാജിവച്ച് എൽഡിഎഫിനുവേണ്ടി സ്വതന്ത്രനായി മത്സരിക്കുന്നു, മുസ്ലിം ലീഗിലെ ടി.ഡി. കബീർ(40) ആണ് യുഡിഎഫ് സ്ഥാനാർഥി.എസ്ഡിപിഐ ക്ക് വേണ്ടി എസ്ഡിടി യു ജില്ലാ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ മാധ്യമ പ്രവർത്തകൻ അഷ്റഫ് കോളിയടുക്കവും മത്സരിക്കുന്നുണ്ട് കൂടാതെ ബിജെപി പിഡിപി സ്ഥാനാർഥി കളും മത്സര രംഗത്തുണ്ട് . ചെമ്മനാട് പഞ്ചായത്തിലെ 16ഉം ചെങ്കളയിലെ അഞ്ചും ബേഡഡുക്കയിലെ നാലും മുളിയാറിലെ മൂന്നും ഉൾപ്പെടെ 28 വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനാണിത്. ഇതിൽ 19 ഇടത്തും യുഡിഎഫ് പ്രതിനിധികളാണുള്ളത്. എൽഡിഎഫിന് എട്ടും ബിജെപിക്ക് ഒന്നും സീറ്റുകളാണുള്ളത്. ചെങ്കള, ചെമ്മനാട്, മുളിയാർ പഞ്ചായത്തുകൾ യുഡിഎഫും ബേഡഡുക്ക എൽഡിഎഫും ഭരിക്കുന്നു. കരുത്തരായ എതിർസ്ഥാനാർഥികൾ രംഗത്തിറങ്ങിയത് ലീഗ് കേന്ദ്രങ്ങളെ ആലസ്യത്തിൽ നിന്ന് ഉണർത്തിയിട്ടുണ്ട്.
ഷാനവാസ് പാദൂരി(41)ന്റെ സ്ഥാനാർഥിത്വം തങ്ങൾക്ക് അട്ടിമറിവിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഡിവിഷനിൽ ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമില്ലെങ്കിലും കഴിഞ്ഞതവണ ലീഗ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഡിവിഷനിൽ ഷാനവാസിനുള്ള ബന്ധുബലം ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന കണക്കുകൂട്ടലും അവരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന കോൺഗ്രസ് നേതാവ് പരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനാണ് ഷാനവാസ്. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഉദുമ ഡിവിഷനിൽ നിന്ന് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ചട്ടഞ്ചാൽ സഹകരണ അർബൻ സൊസൈറ്റി പ്രസിഡന്റ്. യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ (29) ആണ് ബിജെപി സ്ഥാനാർഥി. യുവമോർച്ച മുൻ സംസ്ഥാനസമിതിയംഗം കൂടിയായ ധനഞ്ജയന്റെ കന്നിമത്സരമാണിത്.
