സിഡ്നി∙ ഓസ്ട്രേലിയൻ മണ്ണിൽ രണ്ടാം തവണയും ട്വന്റി20 പരമ്പര തൂത്തുവാരി ചരിത്രമെഴുതാനുള്ള ഇന്ത്യയുടെ ശ്രമം പാളി. ചോരുന്ന കൈകളുമായി ഫീൽഡർമാരും ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങുമായി ഒരു വിഭാഗം ബാറ്റ്സ്മാൻമാരും ഇന്ത്യയെ ‘ക്ഷീണിപ്പിച്ച’ മത്സരത്തിൽ, 12 റൺസിനാണ് ഓസീസിന്റെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്, നിശ്ചിത 20 ഓവറിൽ നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രം. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്വെപ്സൺ നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരം തോറ്റെങ്കിലും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. കഴിഞ്ഞ 12 ട്വന്റി20 മത്സരങ്ങൾക്കിടെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്. 2019 ഡിസംബറിൽ തിരുവനന്തപുരത്ത് വെസ്റ്റിൻഡീസിനോടാണ് ഇന്ത്യ ഇതിനു മുൻപ് ട്വന്റി20യിൽ തോറ്റത്. 2019 ഫെബ്രുവരിയിൽ ഹാമിൽട്ടനിൽ ന്യൂസീലൻഡിനോടു തോറ്റ ശേഷം വിദേശത്ത് ഒരു ട്വന്റി20 മത്സരം തോൽക്കുന്നതും ഇതാദ്യം.രാജ്യാന്തര ട്വന്റി20യിലെ അർധസെഞ്ചുറികളിൽ കാൽസെഞ്ചുറി തികച്ച ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുന്തൂൺ. കോലി 61 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 84 റൺസെടുത്തു. ഇതോടെ, ട്വന്റി20യിൽ കൂടുതൽ 50+ സ്കോറുകളുമായി കോലി, ഇന്ത്യൻ താരം കൂടിയായ രോഹിത് ശർമയുടെ റെക്കോർഡിന് ഒപ്പമെത്തി. രോഹിത് ശർമ 100 ഇന്നിങ്സുകളിലാണ് 25 തവണ 50 കടന്നതെങ്കിൽ, കോലിക്ക് വേണ്ടിവന്നത് 85 ഇന്നിങ്സ് മാത്രം. ശിഖർ ധവാൻ 21 പന്തിൽ മൂന്നു ഫോറുകളോടെ 28 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 13 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 20 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ (0), സഞ്ജു സാംസൺ (ഒൻപത് പന്തിൽ 10), ശ്രേയസ് അയ്യർ (0), വാഷിങ്ടൻ സുന്ദർ (ആറു പന്തിൽ ഏഴ് എന്നിവർ നിരാശപ്പെടുത്തി. ഷാർദുൽ താക്കൂർ ഏഴു പന്തിൽ രണ്ട് സിക്സർ സഹിതം 17 റൺസോടെ പുറത്താകാതെ നിന്നു.ഇന്നിങ്സിലെ രണ്ടാം പന്തിൽത്തന്നെ വിശ്വസ്തനായ താരം കെ.എൽ. രാഹുൽ പുറത്താകുന്ന കാഴ്ചയോടെയാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഓസീസിനായി ബോളിങ് ഓപ്പൺ ചെയ്ത ഗ്ലെൻ മാക്സ്‌വെലിനെ ഗാലറിയിലെത്തിക്കാനുള്ള തിടുക്കമാണ് രാഹുലിന്റെ വിക്കറ്റിൽ കലാശിച്ചത്. പിന്നീട് ക്രീസിൽ ഒരുമിച്ച ശിഖർ ധവാന്‍ – വിരാട് കോലി സഖ്യം തകർപ്പൻ അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും 51 പന്തിൽ അടിച്ചെടുത്തത് 74 റണ്‍സ്. സ്കോർ 97ൽ നിൽക്കെ സഞ്ജു സാംസണിനെയും (ഒൻപതു പന്തിൽ 10) 100നൽ നിൽക്കെ ശ്രേയസ് അയ്യരെയും (0) പുറത്താക്കിയ മിച്ചൽ സ്വെപ്സൺ ഇന്ത്യൻ മുന്നേറ്റത്തിന് ഭീഷണിയായി.
ഇതിനു പിന്നാലെയാണ് ക്രീസിൽ വിരാട് കോലി – ഹാർദിക് സഖ്യം ഇന്ത്യൻ ബാറ്റിങ്ങിന്റെ ഉത്തരവാദിത്തമേറ്റത്. വെറും 25 പന്തിൽനിന്ന് ഇരുവരും ചേർന്ന് 44 റൺസടിച്ചെങ്കിലും, 18–ാം ഓവറിന്റെ ആദ്യ പന്തിൽ പാണ്ഡ്യയെ ആദം സാംപ പുറത്താക്കി. 13 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 20 റൺസെടുത്ത് പാണ്ഡ്യ മടങ്ങി. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ വിരാട് കോലിയെ ആൻഡ്രൂ ടൈയും മടക്കിയതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. കോലി 61 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 85 റൺസെടുത്തു.
∙ പിഴവുകളിലൂടെ ഇന്ത്യ
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. ഇന്ത്യയുടെ വൈകിയ ഡിആർഎസ് തീരുമാനത്തിലൂടെ ആയുസ് നീട്ടിക്കിട്ടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്കോറർ. 53 പന്തുകൾ നേരിട്ട വെയ്ഡ് ഏഴു ഫോറും രണ്ടു സിക്സും സഹിതം 80 റൺസെടുത്തു. വിക്കറ്റെടുത്ത പന്ത് നോബോളായതോടെ ആയുസ് നീട്ടിക്കിട്ടിയ ഗ്ലെൻ മാക്സ്‍വെലും ഓസീസിനായി അർധസെഞ്ചുറി നേടി. മാക്സ്‍വെൽ 36 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 54 റൺസെടുത്തു.
പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വെയ്ഡ് അർധസെഞ്ചുറി നേടുന്നത്. ഇതുവരെ രാജ്യാന്തര ട്വന്റി20യിൽ വെയ്ഡ് നേടിയ മൂന്ന് അർധസെഞ്ചുറിയും ഇന്ത്യയ്‌ക്കെതിരെയാണെന്ന പ്രത്യേകതയുമുണ്ട്. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പൂജ്യത്തിന് പുറത്തായി. സ്റ്റീവ് സ്മിത്ത് 23 പന്തിൽ ഒരു ഫോർ സഹിതം 24 റൺസെടുത്തു. ഡാർസി ഷോർട്ട് മൂന്നു പന്തിൽ ഏഴു റൺസെടുത്ത് അവസാന ഓവറിൽ റണ്ണൗട്ടായി. മോയ്സസ് ഹെൻറിക്വസ് അഞ്ച് റൺസോടെയും ഡാനിയൽ സാംസ് നാലു റൺസോടെയും പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലും കരുത്തു കാട്ടിയ ടി.നടരാജൻ നാല് ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഷാർദുൽ താക്കൂറിനും ഒരു വിക്കറ്റ് ഉണ്ടെങ്കിലും നാല് ഓവറിൽ 43 റൺസ് വഴങ്ങി.സ്കോർ ബോർഡിൽ വെറും 14 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമാക്കിയ ഓസീസിന്, രണ്ടാം വിക്കറ്റിൽ മാത്യു വെയ്ഡ് – സ്റ്റീവ് സ്മിത്ത് സഖ്യവും മൂന്നാം വിക്കറ്റിൽ മാത്യു വെയ്ഡ് – ഗ്ലെൻ മാക്സ്‌വെൽ സഖ്യവും പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് രക്ഷയായത്. വെയ്ഡ് – സ്മിത്ത് സഖ്യം 48 പന്തിൽ 65 റൺസും വെയ്ഡ് – മാക്സ്‍വെൽ സഖ്യം 52 പന്തിൽ 90 റൺസും നേടിയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
വ്യക്തിഗത സ്കോർ 50ൽ നിൽക്കെയാണ് നടരാജന്റെ പന്തിൽ വെയ്ഡിനെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സുവർണാവസരം ലഭിച്ചത്. നടരാജൻ എറിഞ്ഞ 11–ാം ഓവറിലെ മൂന്നാം പന്തിൽ വെയ്ഡ് അർധെസഞ്ചുറി പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ നടരാജൻ വെയ്ഡിനെ എൽബിയിൽ കുരുക്കി. അംപയർ ഔട്ട് നിഷേധിച്ചതോടെ ഇന്ത്യ റിവ്യൂ എടുത്തെങ്കിലും, 15 സെക്കൻഡ് സമയപരിധി പിന്നിട്ടതിനാൽ അംപയർമാർ അത് തള്ളി. പിന്നീട് 18 പന്തുകൾ കൂടി ക്രീസിൽനിന്ന വെയ്ഡ് 30 റൺസ് കൂടി കൂട്ടിച്ചേർത്താണ് പുറത്തായത്. പിന്നീട് 13–ാം ഓവറിൽ യുസ്‌വേന്ദ്ര ചെഹൽ മാക്സ്‍വെലിനെ പുറത്താക്കിയതും നോബോളായതിനാൽ നഷ്ടമായി. ഈ സമയം 13 പന്തിൽ 19 റൺസ് മാത്രമായിരുന്നു മാക്സ്‍വെലിന്റെ സമ്പാദ്യം. 23 പന്തുകൾ കൂടി ക്രീസിൽ തുടർന്ന മാക്സ്‍വെലും അർധസെഞ്ചുറി സ്വന്തമാക്കിയാണ് തിരികെ കയറിയത്. ഇതിനിടെ ദീപക് ചാഹറും യുസ്‌വേന്ദ്ര ചെഹലും മാക്സ്‌വെലിന്റെ ക്യാച്ച് കൈവിട്ടും ‘സഹായിച്ചു’.
