കാസര്‍കോട്: ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ യു.ഡി.എഫുമായി സഹകരണം വേണ്ടെന്ന് സി.പി.എം നിര്‍ദേശം. എസ്.ഡി.പി.െഎ സഹകരണവും ഒഴിവാക്കണം. കാഞ്ഞങ്ങാട് ഡി.വൈ.എഫ്.െഎ പ്രവര്ത്തകന് അബ്ദുറഹിമാന് ഒൗഫ് കൊല്ലപ്പെട്ട സാഹചര്യത്തിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുമാണ് സംസ്ഥാന സമിതിയുടെ ഇൗ നിര്‍ദേശം. ഔഫ് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ലീഗുകാരുടെ സഹകരണം ബി.ജെ.പിയെ എതിര്‍ക്കാന്‍ ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി സി.പി.എമ്മിനു ദോഷംചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തല്‍.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സി.പി.എമ്മിെന്റ കീഴ്ഘടകങ്ങളില്‍ ഈ നിര്‍ദേശം ചര്‍ച്ചചെയ്ത് കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫിെന്റ സഹകരണം തേടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. സംസ്ഥാനത്ത് അന്‍പതോളം പഞ്ചായത്തുകളില്‍ ആര്‍ക്കും മേല്‍കോയ്മയില്ല. ഇതില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ ഗ്രാമ പഞ്ചായത്തുകള്‍ കാസര്‍കോടാണ് കൂടുതല്‍. ബി.ജെ.പിയെ താഴെയിറക്കാന്‍ യു.ഡി.എഫുമായി േചര്ന്നില്ലെങ്കില് കാസര്‍കോട് ജില്ലയില്‍ പത്തോളം പഞ്ചായത്തുകളില്‍ ബി.ജെ.പി അധികാരത്തില്‍ വരാനിടയുണ്ട്. എല്‍.ഡി.എഫിനു ലഭിച്ച തിളക്കമാര്‍ന്ന വിജയത്തിന് മലബാറില്‍ ലീഗ്വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുണ്ട് എന്നാണ് സി.പി.എം വിലയിരുത്തല്‍. അബ്ദുറഹിമാന് ഒൗഫിെന്റ കൊലപാതകത്തില്‍ പ്രതികള്‍ ലീഗുകാരാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഔഫ് കേസ് രാഷ്ട്രീയായുധമാക്കണമെങ്കില് നിലപാട് കര്‍ശനമാക്കണമെന്നാണ് സി.പി.എം തീരുമാനം. പ്രത്യേകിച്ച് ലീഗ് ശക്തി കേന്ദ്രങ്ങളില്‍. തുടര്‍ന്നാണ് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയെ താഴെയിറക്കാന്‍ പുതിയ നീക്കം നടത്താമെന്നും ധാരണയുണ്ട്. അബദ്ധത്തിലോ, ബോധപൂര്‍വമോ യു.ഡി.എഫ് വോട്ടുകള്‍ നേടി സി.പി.എം അംഗങ്ങള്‍ പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് ആയാല്‍ രാജിവെക്കാന്കൂടി നിര്‍ദേശമുണ്ട്. കാറടുക്ക, എന്മകജെ പഞ്ചായത്തുകളില്‍ കഴിഞ്ഞതവണ ബി.ജെ.പിയെ താഴെയിറക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ചിരുന്നു. ഇത്തവണയും സമാന സാഹചര്യം നിലവിലുണ്ട്. അതിനുള്ള നീക്കം നടക്കുന്നതിനിടെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കടുത്ത നിര്‍ദേശം വന്നിരിക്കുന്നത്. ഇത് പാര്‍ട്ടി കാസര്‍കോട് ജില്ല ഘടകത്തെ ആശയക്കുഴപ്പത്തിലാക്കി.