കുറ്റിക്കോല് > നാട്ടിലൊരു ബസ് വെയിറ്റിങ് ഷെഡ്ഡ് കെട്ടാനുള്ള ശ്രമത്തിലാണ് കാസര്കോട് കുറ്റിക്കോല് പഞ്ചായത്തില് നിന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി വിജയിച്ച പയ്യങ്ങാനത്തെ മുരളി. വാര്ഡ് 15ല് നിന്നും വന് ഭൂരിപക്ഷത്തിലാണ് മുരളി ജയിച്ചത്. ബസ് വെയിറ്റിങ് ഷെഡ്ഡ് കെട്ടാനായുള്ള പ്രവര്ത്തനത്തിന് മുന്നിട്ടിറങ്ങിയതും മുരളിയാണ്.
കഴിഞ്ഞ തവണ കുറ്റിക്കോല് പഞ്ചായത്തിലെ എസ്ടി പ്രൊമോട്ടറായിരുന്ന മുരളി ഡിവൈഎഫ്‌ഐ കുറ്റിക്കോല് മേഖല കമ്മറ്റി അംഗം കൂടിയാണ്. പാര്ട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായിനിര്വ്വഹിക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിലകൊള്ളുമെന്നും മുരളി പറഞ്ഞു. 15-ാം വാര്ഡിന്റെ ജനപ്രതിനിധിയായി മുരളി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തു.
പഞ്ചായത്ത് എല്ഡിഎഫ് തിരിച്ചുപിടിച്ചതോടെ എസ്ടി സംവരണമായതിനാല് പ്രസിഡന്റ് സ്ഥാനം മുരളിയെത്തേടിയെത്താനുള്ള സാധ്യതയുണ്ട്. കുറ്റിക്കോല് പഞ്ചായത്തില് നടന്ന സത്യപ്രതിജ്ഞ ചടങ്ങില് സത്യപ്രതിജ്ഞ ചെയ്ത് മുരളി അധികാരമേറ്റു. 31 നാണ്പ്രസിഡന്റ് തെരഞ്ഞെടുപ്പ്.