കോഴിക്കോട്: ഇതിഹാസ സാഹിത്യകാരനായ യു.എ. ഖാദര്‍ (85) ദീപ്തമായ ഓര്‍മ്മയായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാലയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമാണ് യു.എ. ഖാദര്‍. പത്രാധിപരായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിന്‍പറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ഒരുപാട് അംഗീകാരം നേടിയവയാണ്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, തൃക്കോട്ടൂര്‍ കഥകള്‍, കഥപോലെ ജീവിതം, തൃക്കോട്ടൂര്‍ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്ബുകളിലൂടെ, ചെമ്ബവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്ബസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകള്‍, ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, ചെങ്കോല്‍, ചങ്ങല തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി. ചെന്നൈയില്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ കെ. എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി. എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുമായുമായുള്ള ബന്ധം പുലര്‍ത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാന്‍ നല്‍കിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.
