ഹൈദരാബാദ്: വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുമായി എ.ഐ.എം.ഐ.എം. 2021പകുതിയോടെ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച പാര്‍ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്ന് വളരെ ഫലവത്തായ യോഗമാണ് സംഘടിപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിശദമായി കാഴ്ചപ്പാടും രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി. പങ്കെടുത്തവര്‍ക്കെല്ലാം ഏറെ നന്ദി' -ഉവൈസി പറഞ്ഞു. ഇയിടെ നടന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം അഞ്ചുസീറ്റുകള്‍ നേടിയിരുന്നു. 243 സീറ്റുകളില്‍ 20 എണ്ണത്തിലായിരുന്നു അവര്‍ മത്സരിച്ചത്.
2019ല്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുസീറ്റുകളായിരുന്നു നേടിയത്. 44 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. 2017 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 38 സീറ്റില്‍ മത്സരിച്ചെങ്കിലും ഒറ്റസീറ്റും നേടിയിട്ടില്ല. 2019 ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും 16 സീറ്റില്‍ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും ലഭിച്ചില്ല
