തൃശൂർ∙ സംസ്ഥാനത്ത് സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യനിലേക്കു പടരുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് വെറ്ററിനറി സർവകലാശാലാ വിദഗ്ധർ. 144 ഇനം പക്ഷിപ്പനി വൈറസുകൾ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വീര്യം കുറഞ്ഞ ഇനമാണ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്ന എച്ച്5എൻ8. നിലവിൽ മനുഷ്യരിലേക്കു പടരുന്ന സ്വഭാവമില്ല.
എന്നാൽ പന്നികളിലൂടെയോ മറ്റോ പിൽക്കാലത്ത് വൈറസിനു രൂപമാറ്റം സംഭവിച്ചു മനുഷ്യനിലേക്കു പടരാനുള്ള വിദൂര സാധ്യത ഒഴിവാക്കാനാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കി മുൻകരുതൽ സ്വീകരിക്കാനുള്ള നിർദേശം ലഭിച്ചിരിക്കുന്നതെന്നു മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ മൈക്രോബയോളജി അസോഷ്യേറ്റ് പ്രഫസർ ഡോ. പി.എം. പ്രിയ പറഞ്ഞു.
ക്രിസ്മസ് – പുതുവത്സര കാലത്ത് വളർച്ചയെത്തിയ താറാവുകളെല്ലാം വിറ്റുപോയിരുന്നു. അതിനും ഒരാഴ്ച മുൻപേ താറാവുകൾ ചിലയിടങ്ങളിൽ ചത്തു തുടങ്ങിയിരുന്നു എന്നു വിവരമുണ്ട്. ഇതിലൊന്നും പക്ഷിപ്പനി സ്ഥിരീകരിച്ചില്ല. അതേസമയം, ഇതു ഭക്ഷിച്ചവരോ കൈകാര്യം ചെയ്തവരോ പേടിക്കേണ്ടതില്ലെന്നാണ് വെറ്ററിനറി സർവകലാശാലയിലെ സംഘം പറയുന്നത്. കേരളത്തിന്റെ ഭക്ഷണശീലമനുസരിച്ചു നന്നായി വേവിച്ച് ഇറച്ചി കഴിക്കുന്നതും സുരക്ഷിതത്വം നൽകുന്നു.