കോഴിക്കോട്: പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതും കളവുമാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നവര്‍ക്കെതിരെ 519 കേസുകളാണ് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാണെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. യോഗി ആദിത്യനാഥ് മുസ്ലിംകളെ വെടിവെച്ചു കൊന്നുകൊണ്ട് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കില്‍ 500ലേറെ കേസുകള്‍ ചുമത്തിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ നേരിട്ടതെന്നും സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാറിെന്റ ന്യൂനപക്ഷവിരുദ്ധ മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസ്സമദ്, ദേശീയ സെക്രട്ടറി റെനി ഐലിന്, ട്രഷറര്‍ കെ.പി.ഒ. റഹ്മത്തുല്ല എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.