കാസര്‍കോട്: ആദ്യഘട്ടത്തില്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനല്‍കുന്നതിനുള്ള വാക്‌സിന്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് ജില്ലയിലെത്തിയത്. കോഴിക്കോട് റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോറില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്‌സിന്‍ കാസര്‍കോട്ടെത്തിച്ചത്. പ്രത്യേകം താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 6860 ഡോസ് വാക്‌സിനാണ് ജില്ലയില്‍ എത്തിച്ചത്.ആദ്യഘട്ടത്തില്‍ 3100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒന്നാം ഘട്ടത്തില്‍ 9 കേന്ദ്രങ്ങളിലും, രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളിലും, മൂന്നാം ഘട്ടത്തില്‍ 329 കേന്ദ്രങ്ങളിലുമായാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്.ആദ്യഘട്ടത്തില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, നേഴ്‌സിങ് അസ്സിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് നാളെ മുതല്‍ ഒമ്പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കും. കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികള്‍, പെരിയ സി എച്ച് സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 വാക്‌സിന്‍ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ കോവിഡ് വാക്‌സിന്‍ എത്തി; കുത്തിവെപ്പ് നാളെ
mynews
0