മകളുടെ കാമുകനെ ഷോക്കേല്‍പ്പിച്ച്‌ കൊന്നു, ഇടിമിന്നലെന്ന് വരുത്തിതീര്‍ത്തു; നാലുമാസത്തിന് ശേഷം പിതാവ് അറസ്റ്റില്‍, ഭോപ്പാലിലാണ് സംഭവം

 ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലുമാസങ്ങള്‍ക്ക് ശേഷം 27കാരന്റെ മരണം കൊലപാതകമെന്ന് തെളിയിച്ച്‌ പൊലീസ്. യുവാവിന്റെ മരണത്തില്‍ കാമുകിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഇടിമിന്നലേറ്റ് മരിച്ചതാണ് എന്ന് വരുത്തിതീര്‍ക്കാനാണ് കാമുകിയുടെ അച്ഛന്‍ ശ്രമിച്ചത്. അന്വേഷണത്തിലാണ് അച്ഛന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു.


ഓഗസ്റ്റ് 29നാണ് ധര്‍മ്മേന്ദ്രയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലേറ്റ് മരിച്ച നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടത്.യുവാവിന് വൈദ്യുതാഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.


എന്നാല്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.


ധര്‍മ്മേന്ദ്രയുടെ കൊലപാതകത്തില്‍ റേസ് ഖാനാണ് അറസ്റ്റിലായത്. റേസ് ഖാന്റെ മകളുമായുള്ള പ്രണയമാണ് പ്രകോപനത്തിന് കാരണം. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച്‌ യുവാവിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കല്ല് കൊണ്ട് ഇടിച്ച്‌ നിലത്തിട്ട ശേഷം ധര്‍മ്മേന്ദ്രയെ ഹൈടെന്‍ഷന്‍ ലൈനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.


മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചിഴച്ചു. മൃതദേഹത്തിന് അരികില്‍ ബൈക്കും കൊണ്ടുവന്നിട്ട് അപകടമരണമാണ് എന്ന് വരുത്തിതീര്‍ക്കാനാണ് റേസ് ഖാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇടിമിന്നലേറ്റാണ് യുവാവ് മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം തുടരുകയായിരുന്നു.


കാമുകിയെ കണ്ട് തിരികെ വീട്ടിലേക്ക് പോകുമ്ബോഴാണ് സംഭവം. ബൈക്ക് ഓടിക്കുമ്ബോള്‍ മുഷ്ടി ചുരുട്ടി പിടിക്കില്ല എന്നത് അടക്കമുള്ള സംശയങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. മരിച്ച സ്ഥലമായ ഗുംഗയില്‍ യുവാവ് എങ്ങനെ എത്തി എന്നത് അടക്കമുള്ള വിഷയങ്ങളും സംശയം വര്‍ധിപ്പിച്ചു. ഗുംഗയില്‍ നിന്ന് അകലെ ഷാപുര മേഖലയിലെ ഷോപ്പിംഗ് മാളിലാണ് യുവാവ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. കാമുകിയുമായുള്ള പ്രണയത്തെ കുറിച്ച്‌ യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞതാണ് റേസ് ഖാന്‍ അന്വേഷണപരിധിയില്‍ വരാന്‍ കാരണമെന്നും പൊലീസ് പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today