കോൺഗ്രസ് ലീഗിനു കീഴടങ്ങി തോൽവി ചോദിച്ചുവാങ്ങി: വിജയരാഘവൻ

 തിരുവനന്തപുരം ∙ സ്വന്തം രാഷ്ട്രീയ നിലപാടു മറന്നു മുസ്‌ലിം ലീഗിന്റെ വർഗീയ ധ്രുവീകരണ നീക്കത്തിനു കീഴ്പ്പെട്ടതാണു തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വലിയ തിരിച്ചടി നൽകിയതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തലിലാണു വിജയരാഘവൻ ഇതു വ്യക്തമാക്കിയത്.


ലീഗിനോടുള്ള വിധേയത്വവും മുസ്‌ലിം മതമൗലികവാദത്തിനു കീഴ്പ്പെടലുമാണു കോൺഗ്രസിന്റെ സമീപനമെങ്കിൽ നാട് അംഗീകരിക്കില്ല. ഹിന്ദുമത മൗലികവാദം മറ്റൊരു ഭാഗത്തു ജനാധിപത്യത്തെ അപകടപ്പെടുത്തുംവിധം അമിതാധികാര പ്രവണത സൃഷ്ടിക്കുകയാണ്. അതിന്റെയൊക്കെ ഗൗരവം മനസ്സിലാക്കാതെ കോൺഗ്രസ് കൈക്കൊള്ളുന്ന അവസരവാദ സമീപനം കേരളം അംഗീകരിക്കില്ല. ബിജെപിയുമായി വോട്ട് കച്ചവടം ഒരു ഭാഗത്തും വെൽഫെയർ പാർട്ടി സഖ്യം മറുഭാഗത്തും ഉണ്ടായി. ജമാഅത്തെ ബന്ധം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിലക്കേണ്ടതാണ്.മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണ ആനുകൂല്യം നൽകിയതു ലീഗ് വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച ഘട്ടത്തിലും അവർക്കു കീഴ്പ്പെടുന്നനില കോൺഗ്രസ് സ്വീകരിച്ചു. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിൽ ആരംഭിച്ച തകർച്ച ഇനിയും ശക്തമാകും. അവസരവാദ കൂട്ടുകെട്ടുകൾ ബിജെപിയെയും പ്രാദേശികമായി തുണച്ചില്ല.


സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ തോതിൽ അസത്യ പ്രചാരണം നടത്തിയിട്ടും അതിനെ അതിജീവിച്ച ജനകീയ അംഗീകാരമാണു തിരഞ്ഞെടുപ്പിലുണ്ടായത് – വിജയരാഘവൻ പറഞ്ഞു.


‘നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സീറ്റ് തർക്കം ഉണ്ടാകില്ല. എൻസിപി മുന്നണി വിട്ടുപോകും എന്ന പ്രചാരണം ശ്രദ്ധയിൽപെട്ടിട്ടില്ല. എൽഡിഎഫിനു മുന്നിൽ അങ്ങനെ ഒരു പ്രശ്നമില്ല. പാലാ സീറ്റിന്റെ കാര്യം നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോൾ മാത്രമേ പരിഗണിക്കാൻ കഴിയൂ.’


  എ.വിജയരാഘവൻ


Previous Post Next Post
Kasaragod Today
Kasaragod Today