ആലത്തൂർ: ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആലത്തൂരിൽനിന്ന് മൂന്നംഗ വിദ്യാർഥി സംഘം ഗോവവരെ സൈക്കിൾ യാത്ര നടത്തി.
കാവശ്ശേരി ചമ്പാനോട് സ്വദേശികളായ അപ്പുകുട്ടെൻറ മകൻ കോയമ്പത്തൂർ നെഹ്റു കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥി എ. അജ്വൽ, ഇബ്രാഹിമിെൻറ മകൻ ആലത്തൂർ എസ്.എൻ കോളജ് വിദ്യാർഥി അൻഫാസ് റസൂൽ, മുരളീധരെൻറ മകൻ കാവശ്ശേരി കെ.സി.പി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി എം. അർജുൻ എന്നിവരാണ് സംഘത്തിലുള്ളത്.
ഡിസംബർ 26ന് ഇവർ ആലത്തൂരിൽനിന്ന് യാത്ര പുറപ്പെട്ട് 31ന് ഗോവയിലെത്തി. പകൽ സൈക്കിൾ ചവിട്ടുകയും രാത്രി വിശ്രമവുമായാണ് യാത്ര. തിരൂർ, തലശ്ശേരി, കാസർകോട്, കാർവാർ എന്നിവിടങ്ങളിലായിരുന്നു വിശ്രമം. തിരിച്ചുവരുന്നത് ട്രെയിനിലാണ്. പാനാജിയിൽ നിന്ന് ഷൊർണൂരിലേക്കാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്.