പുതുവർഷത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് യാഥാർഥ്യമാകുമ്പോൾ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രതീക്ഷയിലാണ്. വടക്കൻ മലബാറിന്റെ വികസന ഹബ് ആകാമെന്ന ശുഭാപ്തി വിശ്വാസം വീണ്ടും ഉയരുകയാണ്. രണ്ടു വർഷം മുൻപ് ഏറെ പ്രതീക്ഷകളോടെയായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം. എന്നാൽ തുടക്കത്തിലെ ആവേശം തുടർന്നു നിലനിർത്താനായോ എന്ന കാര്യത്തിൽ പിന്നീട് വിമർശനങ്ങളുമുണ്ടായി.
ഒരു വർഷം പൂർത്തിയാക്കിയപ്പോൾ 2019 ഡിസംബറിൽ ഒട്ടേറെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായി. ഇതിനായി കൺസൽട്ടൻസികളെ നിയോഗിച്ചു. എന്നാൽ മാർച്ചിൽ കോവിഡ് വ്യാപിച്ചതോടെ അതുവരെ തയാറാക്കിയ പദ്ധതി രൂപരേഖകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമുണ്ടായി.രണ്ടാം വാർഷികത്തിനു ശേഷം കഴിഞ്ഞ ദിവസം നടന്ന കിയാൽ ജനറൽ ബോഡി യോഗം നടന്നു. ഇതിനു ശേഷം അധികൃതർ പ്രതീക്ഷയിലാണ്. കോവിഡിനു ശേഷമുള്ള ഉയിർത്തെഴുന്നേൽപ് സാധ്യമാകും എന്ന ഉത്തമ വിശ്വാസത്തിലാണ് നിലവിലെ പ്രവർത്തനങ്ങൾ.
∙ ധാരണയിലെത്തിയത് ജിഎംആർ കമ്പനി
ടെർമിനൽ കെട്ടിടത്തിനുള്ളിൽ രാജ്യാന്തര അറൈവൽ വിഭാഗത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. കോവിഡ് ലോക്ഡൗണിന് മുൻപു തന്നെ ഷോപ്പുകളുടെ 90 % ജോലികളും കഴിഞ്ഞിരുന്നു. ജിഎംആർ കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ നടത്താൻ വിമാനത്താവള കമ്പനിയായ കിയാലുമായി ധാരണയിൽ എത്തിയത്.
ഒന്നാം ഘട്ടത്തിൽ രാജ്യാന്തര അറൈവൽ വിഭാഗത്തിൽ മാത്രം തുറക്കുന്ന ഷോപ്പുകൾ ക്രമേണ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ നടത്താൻ നൽകിയ കരാറിനെതിരെ വിമാനത്താവളത്തിൽ വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന മറ്റു കമ്പനികൾ കോടതിയെ സമീപിച്ചതോടെയാണ് പണി നീണ്ടു പോകാൻ ഇടയാക്കിയത്.
ഹർജി കോടതി തള്ളിയതോടെയാണ് പണി പൂർത്തിയാക്കിയത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ജനുവരി ആദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിയാൽ എംഡി വി.തുളസീദാസ് പറഞ്ഞു.
∙ സഞ്ചാരികൾ വർധിക്കും
വടക്കൻ മലബാറിലേക്കുള്ള വിനോദ സഞ്ചാരികൾ കണ്ണൂർ വിമാനത്താവളം ഒഴിവാക്കാനുള്ള പ്രധാന കാരണം ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ അഭാവമായിരുന്നു. ചില ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണങ്ങളുമുണ്ട്. കേരളത്തിലേക്കെത്തുന്നവർ മറ്റു വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയതും ഇതുതന്നെയായിരുന്നു.
വിമാനത്താവളത്തിന്റെ തുടക്കത്തിൽ ഗോ എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തി തങ്ങളുടെ ഹബായി കണ്ണൂരിനെ കൊണ്ടുവരാൻ പദ്ധതികളുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് മംഗളൂരു വിമാനത്താവളത്തിലേക്ക് മാറ്റി. അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കുകയും ചെയ്തു. ജനുവരിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് യാഥാർഥ്യമായാൽ അതു യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
∙ വരുമാന വർധന പ്രതീക്ഷയിൽ കിയാൽ
മലപ്പുറം കലക്ടറേറ്റിൽ ഇക്കഴിഞ്ഞ ദിവസം നടന്ന കിയാൽ വാർഷിക ജനറൽ ബോഡിയിലും വരുമാന വർധന തന്നെയായിരന്നു പ്രധാന അജണ്ട. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കുന്നതോടെ കിയാലിന് വരുമാനവും ലഭിക്കും. നിലവിലെ കരാർ പ്രകാരം ഒരു യാത്രക്കാരന് 162 രൂപയാണ് ഏജൻസി കിയാലിന് നൽകുക. വിമാനത്താവളത്തിന് വരുമാനം കണ്ടെത്തുന്നതിനായി ഡേ ഹോട്ടലുകളും അടുത്ത് തന്നെ പ്രവർത്തനമാരംഭിക്കും.
2018-19 വർഷത്തെ വരവ് ചെലവുകളാണ് യോഗത്തിൽ വിലയിരുത്തിയത്. കാലാവധി പൂർത്തിയായ കിയാൽ ഡയറക്ടർമാരുടെ കാലാവധി പുതുക്കി നൽകി. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ യോഗത്തിൽ കിയാലിന്റെ വരുമാനം വർധിപ്പിക്കാനുള്ള പുതിയ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.
∙ 20 ലക്ഷം പിന്നിട്ട് യാത്രക്കാർ
കോവിഡ് പ്രതിസന്ധികൾക്കിടയിൽ യാത്രക്കാർ കുറഞ്ഞെങ്കിലും കഴിഞ്ഞ മാസം 20 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതികളായ 5 സ്റ്റാർ ഹോട്ടൽ, കൺവൻഷൻ സെന്റർ, എംആർഒ, മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, ഷോപ്പിങ് ആർക്കേഡ്, റസ്റ്ററന്റ് ആൻഡ് ബാർ, ടെർമിനൽ നിന്ന് കാർ പാർക്കിങ്ങിലേക്ക് വാക്ക് വേ തുടങ്ങിയ സൗകര്യങ്ങൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ നോൺ എയ്റോ വിഭാഗത്തിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കാൻ സഹായകരമാകുമെന്നാണു വിലയിരുത്തൽ.
ചരക്കുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന കാർഗോ കെട്ടിടം, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ഡേ ഹോട്ടൽ എന്നിവ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച ഫുഡ് കോർട്ടുകൾ, ഫുഡ് ആൻഡ് ബവ്റിജസ്, റീട്ടെയിൽ ഷോപ്പുകളും ഉടൻ തുറക്കുമെന്നതും മറ്റൊരു പ്രധാന നേട്ടങ്ങളാകുമെന്നും പ്രതീക്ഷയുണ്ട്.
∙ സർവീസുകൾ പൂർവസ്ഥിതിയിലേക്ക്
കോവിഡിനു ശേഷം രാജ്യാന്തര സർവീസുകൾ ആരംഭിക്കാത്തതിനാൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായും എയർ ബബിൾ ക്രമീകരണം വഴിയുമാണ് നിലവിൽ രാജ്യാന്തര സർവീസ്. ആഭ്യന്തര സർവീസുകൾ എല്ലാം വീണ്ടും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു 3 വിമാനത്താവളത്തിലേക്കും ബെംഗളൂരു, ചൈന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി, ഗോവ, മുംബൈ, ഡൽഹി തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് സർവീസ് ഉണ്ട്. പ്രവർത്തനം ആരംഭിച്ച് 9 മാസം പിന്നിടുന്ന സമയത്ത് തന്നെ വിമാനത്താവളം വഴി 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തിരുന്നു. കഴിഞ്ഞ മാസം 20 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചു.
∙ വിദേശ വിമാന കമ്പനികൾ കൂടുതലെത്തുമ്പോൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ മോസ്കോ, താജികിസ്ഥാൻ, ജിദ്ദ, സലാല, റാസൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർ കണ്ണൂരിൽ ഇറങ്ങി. ആദ്യമായി വിദേശ വിമാന കമ്പനി വിമാനങ്ങൾ യാത്രക്കാരേ