ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാന നിയമസഭയിലെ ലോക് ദള്‍ എംഎല്‍എ അഭയ് സിങ് ചൗട്ടാല രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നേരത്തെ എഴുതി നല്കിയ രാജി സ്പീക്കര്‍ ഗ്യാന്‍ ചന്ദ് അംഗീകരിക്കുകയായിരുന്നു. ജനുവരി 26നുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ രാജിവെച്ചതായി കണക്കാക്കണമെന്ന് അഭയ് സിങ് ചൗട്ടാല സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പോലീസ് നടപടി.
അതേസമയം, സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് വെടിവെയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു.
ഇതിനിടെ, ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു.പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.