ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതായി പരാതി

 കാസര്‍കോട്‌: ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതായി പരാതി. ഇന്നലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്‌ടറെയാണ്‌ കയ്യേറ്റം ചെയ്‌തത്‌. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്ന യുവാവിനെ മൂന്നു പേരാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. പരിശോധിക്കുന്നതിനിടയില്‍ മദ്യലഹരിയിലായിരുന്ന യുവാവ്‌ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നു പറയുന്നു. സംഭവം കയ്യേറ്റത്തിനു ഇരയായ വനിതാ ഡോക്‌ടര്‍ സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ നടപടികള്‍ ഡോക്‌ടര്‍മാര്‍ യോഗം ചേര്‍ന്ന്‌ തീരുമാനിക്കുമെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയിലെത്തിയ ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതായി പരാതിയുണ്ട്‌. ഫാര്‍മസിയുടെ മുന്നിലാണ്‌ സംഭവം. പൊലീസിനെ വിളിക്കാനുള്ള ശ്രമത്തിനിടയില്‍ സംഘം സ്ഥലം വിട്ടു. മോര്‍ച്ചറി പരിസരത്തും രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായുള്ള പരാതികള്‍ക്കിടയിലാണ്‌ ഇന്നലെ രാത്രിയിലെ സംഭവം. ആശുപത്രിയില്‍ പൊലീസ്‌ എയ്‌ഡ്‌ പോസ്റ്റ്‌ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.


Previous Post Next Post
Kasaragod Today
Kasaragod Today