സൗദിക്കും യുഎഇക്കും ഇനി ആയുധങ്ങളില്ല; വില്‍പ്പന നിര്‍ത്തിവെച്ച്‌ ബൈഡന്‍ ഭരണകൂടം

 വാഷിങ്ടണ്‍: സൗദി അറേബ്യയ്ക്കും യുനൈറ്റ്ഡ് അറബ് എമിറേറ്റ്‌സ്(യുഎഇ)നും ആയുധം വില്‍ക്കാനുള്ള യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പുനപ്പരിശോധിക്കുമെന്ന് ബൈഡന്‍ ഭരണകൂടം. ഈ നീക്കം പുതിയ ഭരണത്തില്‍ 'സ്വാഭാവികമാണെന്ന്' സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കി.


നമ്മുടെ നയതന്ത്ര ലക്ഷ്യങ്ങളെയും വിദേശ നയങ്ങളെയും ശക്തിപ്പെടുത്തുന്ന കാര്യങ്ങളെന്താണെന്ന് പരിഗണിക്കുന്നത് ഉറപ്പുവരുത്തുകയെന്നതാണ് പുനപ്പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കി. ഇതാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



ഇരു രാജ്യങ്ങളുമായുള്ള ശത കോടി ഡോളറിന്റെ യുദ്ധോപകരണ വില്‍പ്പനയ്ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത ബുധനാഴ്ച വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദിക്കുള്ള ഗൈഡഡ് മിസൈലുകളുടേയും യുഎഇയ്ക്കുള്ള എഫ് 35 യുദ്ധ വിമാനങ്ങളുടെ വില്‍പ്പനയുമാണ് ബൈഡന്‍ ഭരണകൂടം മരവിപ്പിച്ചത്.


റിയാദുമായുള്ള ബന്ധം വാഷിങ്ടണ്‍ പുനപ്പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പ്രഖ്യാപിച്ച ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റ് ഒരാഴ്ച തികയുന്ന വേളയിലാണ് ഇത്തരമൊരു നടപടി കൈകൊള്ളുന്നത്. അധികാരത്തിലേറിയതിന് ശേഷം, ട്രംപിന്റെ സുപ്രധാന നയങ്ങളില്‍ ചിലത് പുനപ്പരിശോധനയ്ക്കു വിധേയമാക്കുന്നതിനോ പൂര്‍ണമായി മാറ്റുന്നതിനോ ഉള്ള എക്‌സിക്യൂട്ടീവ് നടപടികളില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു.


ഇസ്രായേലിനുള്ള തന്റെ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനും ഇറാനെതിരേ 'പരമാവധി സമ്മര്‍ദം' ചെലുത്തുന്നതിനും ട്രംപ് സൗദിയുമായും യുഇയുമായും മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. 2019 മെയിലാണ് കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് സൗദി, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പന നടത്താന്‍ യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയത്.


Previous Post Next Post
Kasaragod Today
Kasaragod Today