കാസർകോട്: കടലിൽ പരിശോധനയ്ക്കിടെ കുമ്പള തീരദേശ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ബോട്ടിൽ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി.കർണാടക ബോളാവാർ സ്വദേശികളായ സദാശിവ (63), അഘേഷ് (35), ഹരീഷ (32), പ്രകാശ് (50), ശശിധരൻ (42) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഡിസംബർ 21-ന് അനധികൃത മത്സ്യബന്ധനം നടത്തിയ കർണാടക ബോട്ട് പരിശോധിക്കുന്നതിനായി ബോട്ടിൽ കയറിയ പോലീസ് ഓഫീസർമാരായ രഘു, സുധീഷ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കർണാടക ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മംഗളൂരു ഹാർബറിൽ കേരള പോലീസാണ് മോചിപ്പിച്ചത്.
സംഭവത്തിൽ പന്ത്രണ്ടുപേർക്കെതിരേ കേസെടുത്ത മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ച് പ്രതികൾ സ്റ്റേഷനിൽ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. മറ്റു പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പോലീസുകാരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് പിന്നീട് കണ്ടെത്തിയിരുന്നു.