പിഞ്ചുമക്കളെ ഉപേക്ഷിച്ച് മുങ്ങിയ കുറ്റിക്കോല്‍ സ്വദേശിനീയും കാമുകനും പൊലീസ് പിടിയിൽ

 ബേഡകം: പിഞ്ചുമക്കളെ ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് മുങ്ങിയ കുറ്റിക്കോല്‍ സ്വദേശിനിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവിലെ രേഷ്മ(30), കാമുകന്‍ വട്ടപ്പാറയിലെ ഉണ്ണികൃഷ്ണന്‍(35) എന്നിവരെയാണ് ബേഡകം സി.ഐ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്. രേഷ്മ ഏഴ് വയസ്സും ഒന്നര വയസ്സും പ്രായമുള്ള മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനായ ഡ്രൈവറോടൊപ്പം ഒളിച്ചോടി വിവാഹിതയായതുസംബന്ധിച്ച് ഭര്‍ത്താവിന്റെ പരാതിയില്‍ ബേഡകം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് രേഷ്മ ഉണ്ണികൃഷ്ണനോടൊപ്പം നാടുവിട്ടത്. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാടിനടുത്ത ക്ഷേത്രത്തില്‍ വിവാഹിതരായ ഇരുവരും കര്‍ണാടകയിലെ ബണ്ട്വാളിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ലോഡ്ജില്‍നിന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ബേഡകത്ത് കൊണ്ടുവരികയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിയുടെ പേരിലും പ്രേരണ നല്‍കിയ കുറ്റത്തിന് കാമുകന്റെ പേരിലും കേസെടുക്കുകയായിരുന്നു. രണ്ടുപേരെയും ഇന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ബേഡകം എസ്.ഐ ഗംഗാധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശശിധരന്‍ രാവണേശ്വരം, രമ്യ ബേത്തൂര്‍പാറ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു


Previous Post Next Post
Kasaragod Today
Kasaragod Today