നവ വധു കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

 മുള്ളേരിയ: മൂന്നുമാസം മുമ്പ്‌ വിവാഹിതയായ യുവതിയെ വീട്ടിനകത്ത്‌ സംശയകരമായ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കിന്നിംഗാര്‍, കറോടി, കോടിമൂലയിലെ സുന്ദര ഭണ്ഡാരി-നളിനാക്ഷി ദമ്പതികളുടെ ഏക മകള്‍ ലിഖിത (25)യാണ്‌ മരിച്ചത്‌.

കര്‍ണ്ണാടക ബണ്ട്വാളിലെ കിരണിന്റെ ഭാര്യയാണ്‌. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന്‌ ഒരാഴ്‌ച്ച മുമ്പാണ്‌ ലിഖിത കോടിമൂലയിലെ സ്വന്തം വീട്ടിലെത്തിയത്‌. മാതാപിതാക്കള്‍ രാവിലെ പുത്തൂരിലേയ്‌ക്ക്‌ പോയിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ മകളെ കണ്ടില്ല. വാതില്‍ ചാരിയ നിലയിലായിരുന്നു വീട്‌. വീട്ടിനകത്ത്‌ പരിശോധിച്ചപ്പോഴാണ്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. മാതാപിതാക്കളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ആദൂര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തി. റവന്യു അധികൃതരുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം മൃതദേഹം വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിന്‌ അയക്കുമെന്ന്‌ ആദൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വി കെ വിശ്വംഭരന്‍ പറഞ്ഞു.

സുന്ദര ഭണ്ഡാരിയുടെ ഏക മകളായ ലിഖിതയും വെല്‍ഡിംഗ്‌ തൊഴിലാളിയായ കിരണും തമ്മിലുള്ള വിവാഹം മൂന്നു മാസം മുമ്പാണ്‌ നടന്നത്‌. മരണത്തെ കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്നും മൃതദേഹം കാണപ്പെട്ട മുറിയിലും വീട്ടിലും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ്‌ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today