കൈ കാണിച്ച പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ അപകടത്തിൽപെട്ടു: സംഘം കടന്നു കളഞ്ഞു

 ഹൊസങ്കടി: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷൈനിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നിതിനിടെയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സതീശനെ കാറിടിച്ചത്. തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടരുന്നതിനിടെ ഉപ്പള സ്‌കൂളിന് സമീപം ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ മറിയുകയും സമീപത്തെ മരത്തിലിടിക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പൊലീസുകാരന്‍ ആസ്പത്രിയില്‍ ചികിത്സതേടി. മനപ്പൂര്‍വ്വം കാറിടിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today