കാസര്‍കോട്: കൃഷിയിടങ്ങളിലും കിണറുകളിലും ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങള്‍ അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. പോളണ്ട് മാതൃകയില്‍ ബണ്ട് കെട്ടി ഉപ്പുവെള്ളം കയറാത്ത നിലയിലുള്ള സംരക്ഷണ പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഓര്‍ച്ച, കടിഞ്ഞിമൂല, കാര്യംകോട്, ചെമ്മാക്കര അഴിത്തല, ക്ലായിക്കട്, രാമന്‍ചിറ, മയിച്ച, വെങ്ങാട്, കണ്ണങ്കൈ, കാടങ്കോട്, അച്ചാംതുരുത്തി, ഓര്‍ക്കുളം, പടന്ന, വലിയപറമ്ബ, ഇടയിലക്കാട് തീരമേഖലകളിലാണ് ഉപ്പുവെള്ളം കയറുന്നത്.
568 ഹെക്ടര്‍ പ്രദേശത്ത് ഉപ്പുവെള്ളം കയറി വ്യാപക നാശം സംഭവിച്ചു. പ്രദേശത്ത് ഉന്നത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള അന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
ഉപ്പുവെള്ളം കയറി കൃഷിനാശവും കുടിവെള്ളക്ഷാമവും നേരിടുന്നതിന് പരിഹാരം തേടി എം. രാജഗോപാലന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മന്ത്രി കൃഷ്ണന് കുട്ടിയുടെ ചേംബറിലായിരുന്നു യോഗം. അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ്, പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ എം. ശിവദാസന്‍, ഐ.ഡി.ആര്.ബി ഡയറക്ടര്‍ പ്രിയേഷ്, ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.