30 സീറ്റ് വേണമെന്ന് ലീഗ്, 15 നിലനിർത്തണമെന്ന് ജോസഫ്; യുഡിഎഫിൽ ചർച്ച

 കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ഉഭയകക്ഷി ചർച്ചയ്ക്ക് ഒരുങ്ങി യുഡിഎഫ്. വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ യുഡിഎഫിൽ സീറ്റു വിഭജന ചർച്ച ആരംഭിക്കും. സീറ്റു വിഭജനം ഉടൻ പൂർത്തീകരിക്കണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ടതോടെയാണിത്. സീറ്റു വിഭജനത്തിനു മുൻപു മാധ്യമങ്ങളിലൂടെ സീറ്റുകൾക്കായി അവകാശവാദങ്ങൾ നടത്തരുതെന്നു യുഡിഎഫ്, ഘടകകക്ഷികൾക്കു നിർദേശം നൽകി.ബുധനാഴ്ച മുസ്‍ലിം ലീഗ്, ജോസഫ് വിഭാഗങ്ങളുമായി ചർച്ച നടത്തുന്നതിനാണ് നിലവിൽ തീരുമാനം. അടുത്ത ദിവസം മറ്റു കക്ഷികൾക്കു വേണ്ടിയും ചർച്ച നടക്കും. ഇത്തവണ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കാനാണു ലീഗ് തീരുമാനമെന്നാണ് അറിയുന്നത്. രണ്ടു സീറ്റുകൾ അധികം നൽകുന്നതിന് തീരുമാനമുണ്ടായേക്കും. കേരള കോൺഗ്രസിന്റെ സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നത് ആലോചനയിലുണ്ട്. ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റു നൽകുന്നതും പരിഗണനയിലുണ്ട്.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 87, ലീഗിന് 24, കേരള കോൺഗ്രസ് എമ്മിന് 15, ലോക്താന്ത്രിക് ജനതാദളിന് ഏഴ്, ആർഎസ്പിക്കു നാല്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും സിഎംപിക്കും ഓരോന്നു വീതവും സീറ്റുകളാണു നൽകിയത്. ഇതിൽ ലോക്താന്ത്രിക് ജനതാദളും ജോസ് കെ.മാണിയും മുന്നണിവിട്ടു. ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണിയിലാണെങ്കിലും കേരള കോൺഗ്രസ് എം തന്നോടൊപ്പം തന്നെയാണെന്നു വാദിക്കുന്ന പി.ജെ.ജോസഫ് 15 സീറ്റുകളും വേണമെന്ന നിലപാടിലാണ്. 

ജോസഫിന്റെ ആവശ്യത്തോടു കോൺഗ്രസ് അനുകൂലമല്ലെന്നാണു സൂചന. 10 സീറ്റ് നൽകുന്നതാണു പരിഗണനയിൽ. കുറഞ്ഞത് ആറു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടാണു ലീഗിന്റേത്. മലബാറിലും തെക്കൻ കേരളത്തിലുമായി രണ്ടു സീറ്റുകൾ നൽകിയേക്കും. ചില സീറ്റുകൾ വച്ചുമാറണമെന്നും ലീഗ് നിലപാടെടുത്തിട്ടുണ്ട്. ആർഎസ്പിയും ജേക്കബ് ഗ്രൂപ്പും കൂടുതൽ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ മുന്നണിയിലെത്തിയ ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റു നൽകാനും യുഡിഎഫ് തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജോസഫ് വിഭാഗം കടുത്ത നിലപാടു സ്വീകരിക്കില്ലെന്നാണ് കോൺഗ്രസ് പ്രതീക്ഷ


Previous Post Next Post
Kasaragod Today
Kasaragod Today