രാമക്ഷേത്ര നിർമാണത്തിന് യു.പിയിൽ ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നതായി പരാതി

 ലക്നോ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് യു.പിയിലെ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരിൽ നിന്ന് ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നുവെന്ന് പരാതി. ഇതിനായി ''പി.ഡബ്ള്യു.ഡി രാം മന്ദിർ വെൽഫെയർ'' എന്ന പേരിൽ അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.


പി.ഡബ്ള്യു.ഡി വികസന വകുപ്പിലെ സീനിയർ എൻജിനീയർ രാജ്പാൽ സിങ് ആണ് പണം പിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരുടെ വേതനം രാമ ക്ഷേത്ര നിർമാണത്തിനായി പിരിച്ചെടുത്ത് സമാഹരിക്കുന്നതിനാണ് അക്കൗണ്ട് തുടങ്ങുന്നത്. ഓഫീസ് സൂപ്രണ്ട് മുനിഷ് കുമാറും ചീഫ് അസിസ്റ്റന്‍റ് വിരേന്ദ്ര കുമാറും ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുമെന്ന് രാജ്പാൽ സിങ് പുറത്തിറക്കിയ കത്തിൽ പറയുന്നു.


എന്നാൽ വോളണ്ടറി പിരിവ് എന്ന പേരിൽ നടത്തുന്ന സമാഹരണം തങ്ങളുടെ അനുമതിയോടെയല്ലെന്നാണ് ആരോപണം. "ഈ തീരുമാനം ഞങ്ങളുടെ അറിവോടെയല്ല എടുത്തിരിക്കുന്നത്. രാജ്പാൽ സിങ് ബാങ്കിന് നൽകിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴാണ് ഞങ്ങൾ ഇക്കാര്യം അറിയുന്നത്. ഒരു ദിവസത്തെ കൂലി ഈടാക്കുമെന്നാണ് കത്തിൽ പറയുന്നത്". പി.ഡബ്ലിയു.ഡിയിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു.


മതപരമായ കാര്യങ്ങൾക്കുവേണ്ടി ഔദ്യോഗികമായി ജീവനക്കാരിൽ നിന്ന് പിരിവെടുക്കുന്നത് നിയമത്തിനെതിരാണ്. സർക്കാറിന്‍റെ അനുമതിയോടെയാണോ ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും വ്യക്തമല്ല.


Previous Post Next Post
Kasaragod Today
Kasaragod Today