കാട്ടാനകള്‍ വീണ്ടും എരിഞ്ഞിപ്പുഴയില്‍ കൃഷി നശിപ്പിച്ചു

 കാനത്തൂര്‍: കാട്ടാനകളെ വിരട്ടിവിട്ടെന്ന വനം മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ എരിഞ്ഞിപ്പുഴയില്‍ തിരിച്ചെത്തിയ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു. ശങ്കര നാരായണ ഭട്ടിന്റെ തോട്ടത്തിലാണ്‌ ഇന്നലെ രാത്രി ആനകളിറങ്ങി കൃഷി നശിപ്പിച്ചത്‌.

അഡൂര്‍, പുലിപ്പറമ്പിലെ സോളാര്‍ വേലി തകര്‍ത്ത്‌ കര്‍ണ്ണാടക വനത്തില്‍ നിന്നും എത്തിയ ആനക്കൂട്ടം നേരത്തെ എരിഞ്ഞിപ്പുഴയില്‍ ദിവസങ്ങളോളം തമ്പടിച്ച്‌ വ്യാപകമായി കൃഷ നശിപ്പിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നു ഉയര്‍ന്ന കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ ആനകളെ കര്‍ണ്ണാടകയിലേയ്‌ക്ക്‌ തുരത്താന്‍ നടപ്പാക്കിയ `ഓപ്പറേഷന്‍ ഗജ’ ആരംഭിച്ചത്‌ എരിഞ്ഞിപ്പുഴയില്‍ നിന്നായിരുന്നു. ദിവസങ്ങളോളം നടത്തിയ കഠിന ശ്രമത്തിനൊടുവില്‍ ആനകള്‍ കര്‍ണ്ണാടക വനത്തിലേയ്‌ക്ക്‌ ചേക്കേറിയെങ്കിലും ദിവസങ്ങള്‍ക്കകം തിരിച്ചെത്തി നാട്ടിലിറങ്ങി കൃഷി നഷിപ്പിക്കാന്‍ തുടങ്ങിയത്‌ വീണ്ടും ആശങ്കയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. വേനല്‍ കടുക്കുന്നതോടെ വനത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവപ്പെടുമെന്നതിനാല്‍ ആനകളുടെ നാടിറക്കം തുടരുമെന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്‌.


Previous Post Next Post
Kasaragod Today
Kasaragod Today