ഐപിഎല്‍ ലേലം 2021 ; കൂടുതല്‍ ഡിമാന്‍ഡുണ്ടാകാന്‍ സാധ്യതയുള്ള അണ്‍ ക്യാപ്പ്ഡ് കളിക്കാരിൽ അസ്ഹറുദ്ധീൻ ഉൾപ്പെടെ 3 പേർ

 പതിനാലാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള‌ താര ലേലം ഈ മാസം 18 ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്.‌ ടീമുകളെല്ലാം ലേലത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.‌


ഇത്തവണത്തെ‌ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ച വെച്ച പല താരങ്ങളേയും ലേലത്തിന് മുന്‍പായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടു കഴിഞ്ഞു.


ഇതില്‍ അണ്‍ക്യാപ്പ്ഡ് ആയ പല താരങ്ങള്‍ക്കും ലേലത്തില്‍ വന്‍ ഡിമാന്‍ഡുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അത്തരത്തില്‍ ഇക്കുറി ലേലത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടാകാന്‍ സാധ്യതയുള്ള 3 അണ്‍ക്യാപ്പ്ഡ് കളികാരെ ഒന്നു നോക്കാം.


മൊഹമ്മദ് അസറുദ്ദീന്‍

കഴിഞ്ഞ മാസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് മൊഹമ്മദ് അസറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധേയനാക്കി മാറ്റിയത്.


മുംബൈയ്ക്കെതിരെ 54 പന്തില്‍ 137 റണ്‍സ് നേടിയ അസറുദ്ദീന് ഇക്കുറി ഐപിഎല്‍ ലേലത്തില്‍ മികച്ച ഡിമാന്‍ഡ് ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. വെടിക്കെട്ട് ബാറ്റിംഗിന്റെ ആശാനായ ഈ കാസര്‍ഗോഡുകാരന്‍ 18 ന് നടക്കാനിരിക്കുന്ന താരലേലത്തില്‍ കോടിപതിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


ചേതന്‍ സക്കറിയ


കഴിഞ്ഞ മാസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ചേതന്‍ സക്കറിയ‌. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞവരില്‍ രണ്ടാം സ്ഥാനത്തുള്ള (65 ഡോട്ട് ബോളുകള്‍) ഈ ഇടം കൈയ്യന്‍ പേസര്‍ ഡെത്ത് ഓവറുകളിലും, പവര്‍ പ്ലേ ഓവറുകളിലും പന്തെറിയുന്നതില്‍ ഒരു പോലെ മികവ് കാട്ടുന്ന കളികാരനാണ്. മുഷ്താഖ് അലി ട്രോഫിക്ക് ശേഷം പല ഐപിഎല്‍ ടീമുകളും താരത്തെ ട്രയല്‍സിന് വിളിപ്പിച്ചിരുന്നു‌. അത് കൊണ്ടു തന്നെ ലേലത്തിലെ സൂപ്പര്‍ താരമാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന അണ്‍ ക്യാപ്പ്ഡ് കളികാരനാണ് അദ്ദേഹം.


അവി ബറോട്


സൗരാഷ്ട്ര താരമായ ബറോട്, മുഷ്താഖ് അലി‌ ട്രോഫിയില്‍ ഗോവയ്ക്കെതിരെ 53 പന്തില്‍ 122 റണ്‍സ് നേടി ഐപിഎല്‍ ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ കളികാരനാണ്. ടൂര്‍ണമെന്റില്‍ ‌185 സ്ട്രൈക്ക് റേറ്റില്‍ കളിച്ച ഈ സൗരാഷ്ട്ര താരം, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടിയും മുന്‍പ് കളിച്ചിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today