തൃശൂര്‍: ബി.ജെ.പി. ബലിദാനി സത്യേഷിന്റെ ഭാര്യ സി.പി.എമ്മില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാവും യുവമോര്‍ച്ചയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്ന ബലിദാനി സത്യേഷിന്റെ ഭാര്യ കെ.എസ്. സജിതയാണ് ഇന്നലെ സി.പി.എമ്മില്‍ ചേര്‍ന്നത്.
കൊടുങ്ങല്ലൂരില്‍ ഇന്നലെ നടന്ന ശില്‍പ്പശാലയില്‍ മുതിര്‍ന്ന നേതാവ് അമ്ബാടി വേണു സജിതയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സജിതയോടൊപ്പം മുന്‍ കോണ്‍ഗ്രസ് നേതാവും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആക്ടിവിസ്റ്റുമായ ഹസീനയും സി.പി.എമ്മില്‍ ചേര്‍ന്നു.
ഹസീനയെ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം. രജേഷ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഹസീന മത്സരിച്ചിരുന്നു.
നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം മുഷ്താക്ക് അലി, കൊടുങ്ങല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.പി. പ്രഭേഷ് എന്നിവര്‍ പ്രസംഗിച്ചു.