മഞ്ചേശ്വരം കാസർകോട് മണ്ഡലങ്ങളിൽ എ കെ എം അഷ്റഫിനേയും എൻ എ നെല്ലിക്കുന്നിനെയും നേരിടാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും എത്തുമോ

 മഞ്ചേശ്വരം : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള രണ്ടാംവട്ട ചര്‍ച്ച മൂന്നു മുന്നണികളിലും പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യും, എ കെ എം അഷ്‌റഫും യു ഡി എഫ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചപ്പോള്‍ ഏതുവിധേനയും ഈ രണ്ടു സീറ്റുകളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ.


ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത് തള്ളപ്പെട്ടതു കൊണ്ടുതന്നെ എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ഏതുവിധേനയും വോട്ടുകള്‍ ഉയര്‍ത്താനുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.


കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലായി ഈ മണ്ഡലങ്ങളില്‍ യു ഡി എഫിന്റെ മുഖ്യ എതിരാളി ബിജെപിയായിരുന്നു. 2016 ല്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോള്‍ 89 വോട്ടിനാണ് വിജയം വഴുതിപ്പോയതങ്കില്‍ കാസര്‍കോടും കനത്ത പോരാട്ടമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്.


എട്ടായിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങള്‍ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. ഇതിനായി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനേയും സിനിമാതാരമായ സുരേഷ് ഗോപിയും ഈ മണ്ഡലങ്ങളില്‍ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം. തിരുവനന്തപുരം തൃശ്ശൂര്‍ കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് സംസ്ഥാന ഘടകത്തിന് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രമുഖരെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ വ്യക്തമായ തന്ത്രങ്ങള്‍ തന്നെ കേന്ദ്ര കമ്മിറ്റി സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. മുപ്പതോ നാല്പതോ സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിലെ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന കെ സുരേന്ദ്രന് പ്രസ്താവന കൃത്യമായ സന്ദേശമാണ് ഇരുമുന്നണികള്‍ക്കും നല്‍കിയിരിക്കുന്നത്. വിജയസാധ്യതയുള്ള ഉള്ള മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താര പ്രചാരകരേയും ഉള്‍പ്പെടുത്തിയുള്ള പ്രചരണ തന്ത്രമാണ് ബിജെപി ഒരുക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today