കോഴിക്കോട്: 'പുതിയ കേരളത്തിനായി വിജയയാത്ര' എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രക്ക് 21ന് കാസർകോട്ട് തുടക്കമാവുമെന്ന് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം നിര്‍വഹിക്കും.
മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിങ്, കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്നാവിസ്, മലപ്പുറത്ത് ഷാനവാസ് ഹുസൈൻ, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമൻ, കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആലപ്പുഴയിൽ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയിൽ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മീനാക്ഷി ലേഖി, പാലക്കാട്ട് നടി ഖുശ്ബു സുന്ദര്‍ എന്നിവർ പങ്കെടുക്കും.