യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾക്കെതിരേ സമഗ്ര നിയമനിർമാണം -ചെന്നിത്തല

 കോഴിക്കോട്: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾക്കെതിരേ സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കും. മൂന്നു മാസം മുതൽ രണ്ടു വർഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താല്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ച്ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.


മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്നിട്ടുള്ളത്. അനധികൃത, പിൻവാതിൽ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേൾക്കുന്നത്.


സെക്രട്ടേറിയേറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാർഥികൾ മണണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാർത്ഥി ലയ മാറി നിന്ന് കരയുന്ന ചിത്രം ആരുടെയും ഉള്ളുലയ്ക്കും. ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പി.എസ്.സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയൻ സർക്കാറിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്കി നിയമിക്കാനാണ് അവരുടെ താല്പര്യം. ഒപ്പം തോറ്റ എം.പിമാരുടെ ഭാര്യമാർക്ക് സർവകലാശാല ജോലി നല്കാനും.


മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങൾ വഴി മൂന്നുലക്ഷം ചെറുപ്പക്കാർക്കാണ് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടതെന്നും ഇനിയൊരു ഉദ്യോഗാർത്ഥിയുടെയും കണ്ണീര് ഇവിടെ വീഴാതിരിക്കാനുള്ള നടപടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കൈക്കൊള്ളുകയെന്നും ചെന്നിത്തല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today