ന്യൂഡൽഹി∙ ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് കേന്ദ്രം. നവംബർ – ഡിസംബർ മാസങ്ങളിൽ കേസുകളിൽ കുറവു വന്നെങ്കിലും പിന്നീട് ഈ സംസ്ഥാനങ്ങളിൽ രൂക്ഷമാകാൻ തുടങ്ങി. ആകെയുള്ള കോവിഡ് കേസുകളിൽ 75.85% കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഈ അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് ആകെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ 78 ശതമാനവും വരുന്നു. സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിൽ ദിവസവും കേസുകൾ ഉയരുകയാണ്. ഇതുവരെ 1.07 കോടി വാക്സീൻ ഡോസുകൾ ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് നൽകിയെന്നും മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ 24 മണിക്കൂറിൽ 18 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തെലങ്കാന, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, അസം, ചണ്ഡിഗഢ്, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, ലഡാക്ക്, മിസോറം, സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്ര നഗർ ഹാവേലി, ദാമൻ ദിയു എന്നിവയാണവ.
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ കോവിഡ് കുതിച്ചുയരുന്നു
mynews
0