കണ്ണൂർ: ഇനി ഇവർക്ക് ഇന്ത്യയൊട്ടുക്കും ഒരു സൈക്കിൾ യാത്രയുടെ ദൂരം മാത്രമാണ്. തൃശൂർ, കോഴിക്കോട് വഴി കണ്ണൂരിലൂടെ കശ്മീരുവരെയാണ് മൂവർ സംഘത്തിെൻറ സൈക്കിൾ യാത്ര. വിദ്യാർഥികളായ കണ്ണൂർ അഴീക്കൽ സ്വദേശി മുഹമ്മദ് ആഷിർ, കോഴിക്കോട് താമരശ്ശേരി സ്വദേശി ജദിർ അലി, തൃശൂർ മുള്ളൂർക്കര സ്വദേശി സി.എസ്. വിഷ്ണുദേവ് എന്നിവരാണ് സൈക്കിളിൽ ഇന്ത്യ മുഴുവനും സഞ്ചരിക്കാനായി യാത്ര പുറപ്പെട്ടത്. യാത്രയുടെ ഫ്ലാഗ് ഒാഫ് മുഹമ്മദ് ആഷിർ പഠിച്ച അഴീക്കോട് എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ് നിർവഹിച്ചു.
വിവിധ സൈക്കിൾ ക്ലബിൽ അംഗങ്ങളായ മൂവരും സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. ഒരു മാസം മുമ്പാണ് 20 കാരനായ മുഹമ്മദ് ആഷിർ സൈക്ലിങ്ങിലൂടെ കേരള യാത്ര പൂർത്തിയാക്കിയത്. ആഷിറാണ് അഖിലേന്ത്യ സൈക്ലിങ് എന്ന ആശയവുമായി ആദ്യമെത്തിയത്. തുടർന്ന് ജദിറും വിഷ്ണുവും ഒരുമിച്ച് യാത്രചെയ്യാൻ കണ്ണൂരിലെത്തുകയായിരുന്നു.
അന്തരീക്ഷ മലിനീകരണത്തിനെതിരെ 'ദേർ ഇൗസ് നോ ഒപ്ഷൻ ഫോർ പ്ലാനറ്റ് ബി' എന്ന മുദ്രാവാക്യവുമായാണ് യാത്ര സംഘടിപ്പിക്കുന്നത്. 21 കാരനായ ജദിർ ബി.ബി.എ വിദ്യാർഥിയാണ്. അക്കൗണ്ടൻറായി പാർട്ട് ടൈം ജോലി നോക്കിയാണ് പഠനത്തിനുള്ള ചെലവ് കാണുന്നത്. ഇടവേളകളിൽ സൈക്ലിങ്ങിനായി സമയം കണ്ടെത്തും. 21കാരനായ വിഷ്ണു ഡൽഹി സർവകലാശാലയിൽ ബി.കോം ബിരുദ വിദ്യാർഥിയാണ്.