ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാനിരോധനം മാര്‍ച്ച് 31 വരെ നീട്ടിയതായി ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു. കഴിഞ്ഞ വര്‍ഷം കൊവിഡ് രോഗം ലോകമാകെ ശക്തമായ സമയത്ത് മാര്‍ച്ച് മാസത്തിലാണ് അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യ യാത്രാനിരോധനം കൊണ്ടുവന്നത്. എന്നാല്‍ അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ പറയുന്നു. വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് അന്താരാഷ്‌ട്ര വിമാന സര്‍വീസ് ആവശ്യമെങ്കില്‍ പ്രത്യേകമായി അനുവദിക്കുമെന്നും അറിയിപ്പിലുണ്ട്.
കൊവിഡ് രോഗം രാജ്യത്ത് കുറയുന്നതിനനുസരിച്ച് വിവിധ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന നിബന്ധനകളില്‍ അയവ് വരുത്തിയിരുന്നു.
എന്നാല്‍ അന്താരാഷ്‌ട്ര വിമാനയാത്രയില്‍ മാത്രം ഇതുവരെ ഇളവ് വരുത്തിയിട്ടില്ല. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് എന്നാല്‍ അനുമതി നല്‍കിയിട്ടുണ്ട്. ബ്രിട്ടണിലെ പരിവര്‍ത്തനം വന്ന കൊവിഡ് വൈറസിന്റെ അതിവേഗമുളള രോഗവ്യാപനം മൂലം ഡിസംബര്‍ മാസത്തില്‍ ഇന്ത്യ ബ്രിട്ടണിലേക്കും ബ്രിട്ടണില്‍ നിന്നുമുളള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് രോഗം നിയന്ത്രണ വിധേയമായതോടെ ഈ നിരോധനം പിന്‍വലിക്കുകയും ചെയ്‌തു.