ഡ്യൂപ്ലിക്കേറ്റ് മൊബൈൽ സിം വഴി ബാങ്കിംഗ് തട്ടിപ്പ് നടത്തുന്ന സ്ത്രീ പിടിയിൽ

 തൃശൂർ: വ്യാജരേഖകൾ ചമച്ച് ഉപഭോക്താവിന്റെ ഫോൺ സിം കാർഡ് കരസ്ഥമാക്കി, ബാങ്കിംഗ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മുംബയ് ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേൽ ജനതാ കോളനി സ്വദേശിനി നൂർജഹാൻ അബ്ദുൾ കലാം ആസാദ് അൻസാരിയാണ് (45) അറസ്റ്റിലായത്.2020 ഡിസംബറിലാണ് തൃശൂരിലെ ന്യൂ ജനറേഷൻ ബാങ്ക് ശാഖയിലെ ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്നും 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തത്. തൃശൂർ സ്വദേശിനിയായ സ്ത്രീയുടെ വിലാസവും വ്യാജഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈൽ കമ്പനിയുടെ എറണാകുളത്തെ ഔട്ട്‌ലെറ്റിൽ നിന്നുമാണ് തട്ടിപ്പുകാർ സിം കാർഡ് സംഘടിപ്പിച്ചത്. സിം കാർഡ് സംഘടിപ്പിക്കുന്നതിനായി മുംബയിൽ നിന്നും വിമാനമാർഗമാണ് പ്രതി ഉൾപ്പെടെയുള്ള സംഘം എറണാകുളത്തെത്തിയത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സംഘടിപ്പിക്കുന്നതിനായി തൃശൂർ സ്വദേശിനിയുടേതെന്ന വിധത്തിൽ നൽകിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളത്ത് നിന്നും മുംബയിൽ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് ബീഹാർ, മുംബയ്, ഡൽഹി എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ വഴി പിൻവലിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയും സംഭവദിവസം കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിച്ചത്. അന്വേഷണ സംഘം ദിവസങ്ങളോളം മുംബയിൽ താമസിച്ച് അന്വേഷണം നടത്തി.കേരള പൊലീസ് അന്വേഷണം നടത്തുന്ന വിവരം മനസിലാക്കിയ പ്രതി താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പൽഗാർ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവിൽപോവുകയും പൊലീസ് അവിടെയെത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയിലെത്തുകയും പൊലീസ് പിടിയിലാകുകയുമായിരുന്നു. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബ്രിജുകുമാർ കെ, എസ്.ഐ സന്തോഷ്, എ.എസ്.ഐ ഫൈസൽ, പൊലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്, ശ്രീകുമാർ, അനൂപ്, അപർണ്ണ ലവകുമാർ, നിജിത എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


Previous Post Next Post
Kasaragod Today
Kasaragod Today