യു.പിയില്‍ കോവിഡ്​ സെന്‍ററായിരുന്ന സ്​കൂളില്‍ അസ്​ഥികൂടം; കോവിഡ്​ രോഗിയുടേതാകാമെന്ന്​ അധികൃതര്‍

 ലഖ്​നോ: ഉത്തര്‍ പ്രദേശില്‍ കോവിഡ്​ നിരീക്ഷണ കേന്ദ്രമായിരുന്ന സ്​കൂളിലെ ക്ലാസ്​മുറിയില്‍ അസ്​ഥികൂടം. വാരണാസിയില്‍ കോവിഡ്​ 19 രോഗികളുടെ ചികിത്സ കേന്ദ്രമായിരുന്ന സ്​കൂളില്‍നിന്നാണ്​ പുരുഷന്‍റെ അസ്​ഥികൂടം കണ്ടെത്തിയത്​.


സ്​കൂള്‍ അധികൃതര്‍ ക്ലാസ്​മുറികള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​. ലോക്​ഡൗണിന്​ ശേഷം സ്​കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച വൃത്തിയാക്കാന്‍ എത്തിയതായിരുന്നു അധികൃതര്‍. ബെഞ്ചിനടിയില്‍ നിലത്ത്​ കിടക്കുന്ന രീതിയിലായിരുന്നു അസ്​ഥികൂടം.


കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജെ.പി മെഹ്​ത ഇന്‍റര്‍ കോളജ്​ സര്‍ക്കാറിന്‍റെ കോവിഡ്​ നിരീക്ഷണ കേന്ദ്രമാക്കി മാറ്റിയിരുന്നു.


പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടത്തെ ​അന്തേവാസികളില്‍ കൂടുതലും.


സ്​കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്​ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്​ സംഘവുമെത്തി സ്​ഥലത്ത്​ പരിശോധന നടത്തി. ക്ലാസ്​മുറിയിലെ അസ്​ഥികൂടത്തിന്‍റെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.


കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളുടെ അസ്​ഥികൂടമായിരിക്കാം ഇപ്പോള്‍ കണ്ടെത്തിയതെന്ന്​ സ്​കൂള്‍ മാനേജ്​മെന്‍റ്​ അറിയിച്ചു. ലോക്​ഡൗണില്‍ അടച്ചിട്ടതിനെ തുടര്‍ന്ന്​ സ്​കൂളില്‍ കാടും മറ്റും വളര്‍ന്നിരുന്നു. പൊടിയും രൂക്ഷമായിരുന്നു. കോവിഡ്​ സെന്‍റര്‍ മാറ്റിയതിന്​ ശേഷവും ശുചീകരിച്ചിരുന്നി​ല്ല. വൃത്തിയാക്കാനായി തുറന്ന ക്ലാസ്​മുറിയിലാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ പ്രിന്‍സിപ്പല്‍ പറഞ്ഞു.


വളരെ പഴക്കം ചെന്ന മൃതദേഹമായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്നും പൊലീസ്​ ഇന്‍സ്​പെക്​ടര്‍ രാകേഷ്​ കുമാര്‍ സിങ്​ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today