നടനും സംവിധായകനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനിടയില്‍ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് നാദിര്‍ഷ. മകള്‍ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ച അനുഭവമാണ് നാദിര്‍ഷ പറയുന്നത്.
വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്സ്പ്രസിലാണ് കാസര്‍ഗോഡ് എത്തിയത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുകയും നാദിര്‍ഷയും കുടുംബവും പുറത്തിറങ്ങുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍മവന്നത്.
ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്സിനെ നാദിര്‍ഷാ വിവരം അറിയിച്ചു.
എ-വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്ബളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി.
വണ്ടിയില്‍ സ്പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി. റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിര്‍ഷ പറയുന്നു.