തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്ബൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും ഉള്‍പ്പെടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്ബൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്ബി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകള്‍, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങള്‍, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎന്‍എ, അസാഹിതീയം, അലകടലുകളും നെയ്യാമ്ബലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവര്‍ത്തനം), കുട്ടികളുടെ ഷേക്‌സ്പിയര്‍ (ബാലസാഹിത്യം), പുതുമുദ്രകള്‍, വനപര്‍വം, സ്വതന്ത്ര്യസമരഗീതങ്ങള്‍, ദേശഭക്തി കവിതകള്‍ (സമ്ബാദനം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.