കാനത്തൂര്‍: ഇലയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച് ശ്രദ്ധേയനായ കാനത്തൂര്‍ സ്വദേശി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. കാനത്തൂരിലെ ടി നാരായണന്‍-ഓമന ദമ്പതികളുടെ മകനും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ പി ടി മഹേഷ് ആണ് ഈ നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായത്.
ലോക്‌ഡൗണ്‍ കാലത്താണ് ഇലയില്‍ പ്രമുഖ വ്യക്തികളുടെ രൂപങ്ങള്‍ തീര്‍ക്കുന്ന രീതി മഹേഷ് ആരംഭിച്ചത്. തുടക്കത്തില്‍ കൗതുകത്തിനായിരുന്നു ഇതെങ്കില്‍ സുഹൃത്തുക്കളും ബന്ധുക്കളും പ്രോത്സാഹിപ്പിച്ചപ്പോള്‍ തന്റെ വേറിട്ട കലാവഴി ഗൗരവത്തില്‍ കാണാന്‍ തുടങ്ങി. സിനിമാ നടന്മാരുടെയും സംവിധായകരുടെയും രൂപങ്ങള്‍ കൂടുതല്‍ മിഴിവോടെ ഇലയില്‍ തീര്‍ത്തപ്പോള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. ഇലയില്‍ കത്തികൊണ്ടും കത്രിക കൊണ്ടും ആണ് പ്രമുഖരുടെ രൂപം തീര്‍ത്തത്. പ്ലാവില, തേക്കിന്റെ ഇല, ബദാം ഇല എന്നിവലയാണ് വിവിധ രൂപങ്ങള്‍ മഹേഷ് സൃഷ്‌ടിച്ചെടുക്കുന്നത്. ഇതു സംബന്ധിച്ച് കാരവല്‍ സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ പ്രമുഖരടക്കം നിരവധി പേരുടെ പ്രശംസയും പിന്തുണയും മഹേഷിനെ തേടിയെത്തി.
ഇതോടെ മഹേഷിന്റെ പ്രതീക്ഷകള്‍ക്കൊപ്പം കരവിരുതും കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ 27 പൈതൃക കേന്ദ്രങ്ങളാണ് മഹേഷിന്റെ കരവിരുതില്‍ ഇലകളില്‍ തെളിഞ്ഞത്. താജ്‌മഹലും മധുര മീനാക്ഷി ക്ഷേത്രവും മഹാബലിപുരവും അജന്താ ഗുഹകള്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് ഈ മിടുക്കന്‍ ഇലയില്‍ തീര്‍ത്തത്. കൗതുകത്തിനുവേണ്ടി തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ അപൂര്‍വ്വ അംഗീകാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് മഹേഷും നാട്ടുകാരും.