വിദേശത്ത് പരിശോധിച്ചാലും നാട്ടിലെത്തിയാൽ ആർടിപിസിആർ; പ്രതിഷേധിച്ച് പ്രവാസികൾ

 തിരുവനന്തപുരം∙ ഗൾഫ്, യൂറോപ്യൻ നാടുകളിൽനിന്നു വരുന്നവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയാലുടന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ പ്രതിഷേധം പതിവാകുന്നു. കോവിഡിന്റെ പല വകഭേദങ്ങളും ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.വിദേശത്ത് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുമായി വന്നാലും ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്നുതന്നെ ആര്‍ടിപിസിആര്‍ പരിശോധന വേണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്രവം ശേഖരിച്ച് പരിശോധന നടത്താന്‍ സ്വകാര്യലാബുകള്‍ക്കാണ് അനുമതി നല്‍കിയത്. കരിപ്പൂരില്‍ ഒരു ടെസ്റ്റിന് 1350 രൂപ നിരക്കാണ് ഈടാക്കുന്നത്. ഒരേ കുടുംബത്തില്‍നിന്ന് വരുന്ന നാലും അഞ്ചു പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സാമ്പത്തിക ഭാരം വരുന്നത് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തുന്നത്.വിദേശ കറൻസിയുമായി വരുന്നവർക്ക് നാണയ വിനിമയത്തിന് സൗകര്യം ഒരുക്കുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും ബഹളത്തിനു പിന്നാലെ കരിപ്പൂരിലെത്തിയ കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി കൂടി കഴിഞ്ഞാലേ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാവു. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച എത്തിയ ഒരു യാത്രക്കാരന് കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today