വ്യാപാരി മർദ്ദനമേറ്റ് മരണപ്പെട്ട സംഭവം,നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

 കാസര്‍കോട്‌: വീട്ടമ്മയോട്‌ അപര്യാദയായി പെരുമാറിയ ശേഷം ആശുപത്രിയില്‍ നിന്ന്‌ ഇറങ്ങിയോടിയ ആള്‍ മരിച്ച കേസില്‍ നാലു പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബീരന്ത്‌ വയലിലെ മനോഹരന്‍ (48), കാസര്‍കോട്ടെ മുഹമ്മദ്‌ ഹനീഫ (18), നീര്‍ച്ചാലിലെ കിഷോര്‍ കുമാര്‍ (47), കുമ്പളയിലെ സത്യന്‍ (53) എന്നിവരെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ ഹൈക്കോടതിയില്‍ നിന്ന്‌ മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായി പൊലീസ്‌ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. ചെമ്മനാട്‌ സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ വ്യാപാരി സി എച്ച്‌ മുഹമ്മദ്‌ റഫീഖ്‌ (48)ആണ്‌ മരിച്ചത്‌. കാസര്‍കോട്‌ അശ്വിനി നഗറിലെ ഒരു സ്വകാര്യ ആശുപത്രിക്ക്‌ മുന്നിലാണ്‌ സംഭവം. മകന്റെ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു വീട്ടമ്മ. ഇതിനിടയില്‍ റഫീഖ്‌ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ പറയുന്നു. വീട്ടമ്മ പ്രതികരിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടിയ റഫീഖിന്റെ പിന്നാലെ ഓടുകയും പിടികൂടി മര്‍ദ്ദിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. സംഭവ സ്ഥലത്തേക്ക്‌ കൊണ്ടു വരുന്നതിനിടയില്‍ റഫീഖ്‌ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും മരിക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. സംഭവത്തില്‍ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ പൊലീസ്‌ കേസെടുത്തിരുന്നത്‌. മുഹമ്മദ്‌ റഫീഖിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.


Previous Post Next Post
Kasaragod Today
Kasaragod Today