മംഗളൂരുവില്‍ അറസ്റ്റിലായ എ ടി എം തട്ടിപ്പ്‌ സംഘം കാസര്‍കോട്ടും തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തി

 മംഗ്‌ളൂരു: ബാങ്ക്‌ ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പണംതട്ടിയതിന്‌ മംഗ്‌ളൂരുവില്‍ അറസ്റ്റിലായ സംഘം കാസര്‍കോട്ടും തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തി. കാസര്‍കോട്‌ നഗരത്തിലെ പോസ്റ്റോഫീസിനോടു ചേര്‍ന്നുള്ള എ ടി എമ്മില്‍ നിന്നാണ്‌ പണം തട്ടിയതെന്ന്‌ അറസ്റ്റിലായ സംഘം പൊലീസിന്‌ മൊഴി നല്‍കി. ഇതേ തുടര്‍ന്ന്‌ കാസര്‍കോട്ട്‌ എത്തിയ മംഗ്‌ളൂരു സൈബര്‍ പൊലീസ്‌ സംഘം എ ടി എം കൗണ്ടറില്‍ പരിശോധന നടത്തി പണം തട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചു. കാസര്‍കോട്‌, കുഡ്‌ലു, മീപ്പുഗിരിയിലെ അബ്‌ദുള്‍ മജീദ്‌ (27), ആലപ്പുഴയിലെ രാഹുല്‍ ടി എസ്‌ (24), തൃശൂരിലെ ജിന്റോ ജോയ്‌ എന്ന ജിജു (37), ഡല്‍ഹിയിലെ ദിനേശ്‌ സിംഗ്‌ റാവത്ത്‌ (44) എന്നിവര്‍ ഒരാഴ്‌ച്ച മുമ്പാണ്‌ മംഗ്‌ളൂരുവില്‍ അറസ്റ്റിലായത്‌. ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചത്‌. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ നിന്നാണ്‌ എ ടി എം തട്ടിപ്പിന്‌ ഉപയോഗിക്കുന്ന ഉപകരണം വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ്‌ ഡല്‍ഹിയിലേയ്‌ക്ക്‌ പോകാനുള്ള ഒരുക്കത്തിലാണ്‌. അതേസമയം പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പ്രതികളെ ഇന്നു കോടതിയില്‍ തിരികെ ഹാജരാക്കും.


Previous Post Next Post
Kasaragod Today
Kasaragod Today