2001ൽ കോലീബി സഖ്യമുണ്ടായിരുന്നു എന്ന് സികെ പത്മനാഭന്‍, കാസര്‍ക്കോട് വെച്ച് നടന്ന ചര്‍ച്ചയിൽ കുഞ്ഞാലിക്കുട്ടിയും മാണിയും പങ്കെടുത്തു

 കണ്ണൂര്‍: കോലീബി സഖ്യത്തെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍. 1991ന് പുറമേ, 2001ലും കോണ്‍ഗ്രസ് വോട്ടുധാരണയ്ക്കായി ബന്ധപ്പെട്ടിരുന്നതായി പത്മനാഭന്‍ വെളിപ്പെടുത്തി. കാസര്‍ക്കോട് നടന്ന ചര്‍ച്ചയില്‍ പികെ കുഞ്ഞാലിക്കുട്ടിയും അന്തരിച്ച കെഎം മാണിയുമാണ് പങ്കെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ട്. 1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി.അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി. കോണ്‍ഗ്രസുകാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. 2001 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാര്‍, കുഞ്ഞാലിക്കുട്ടി, പി.പി മുകുന്ദന്‍, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയല്‍ എന്നിവര്‍ യോഗം ചേര്‍ന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം' - സികെ പത്മനാഭന്‍ പറഞ്ഞു.


ന്യൂനപക്ഷ വോട്ടുകള്‍ക്കായി ബിജെപിയെ തള്ളിപ്പറയുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും ലീഗിനും തങ്ങളുടെ വോട്ടു വേണമായിരുന്നു. എന്നാല്‍ 1991 ആവര്‍ത്തിക്കാനാണ് ലക്ഷ്യമെങ്കില്‍ ഒരു സഖ്യത്തിനുമില്ലെന്ന് താന്‍ നിലപാടെടുത്തു- അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today