നെറ്റ്സിൽ ‘സിക്സർ മഴ’ പെയ്യിച്ച് പൂജാര

 ചെന്ന∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ചേതേശ്വർ പൂജാരയെ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയപ്പോൾ നെറ്റി ചുളിച്ചവരും ചിരിച്ചവരും ഒട്ടേറെയാണ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പൂജാരയെ അതേ തുകയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയപ്പോൾ ലേലഹാളിൽ മുഴങ്ങിയ കയ്യടിയും ആരും മറന്നിട്ടുണ്ടാകില്ല. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാംപിൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് പൂജാര. ടെസ്റ്റ് സ്പെഷലിസ്റ്റ് എന്ന ലേബലൊക്കെ കീറിയെറിഞ്ഞ് അസ്സൽ ‘ട്വന്റി20 താര’മായി പൂജാര രൂപാന്തരപ്പെട്ടിരിക്കുന്നു!നെറ്റ്സിൽ പന്തെറിയുന്ന ബോളർമാരെ തലങ്ങും വിലങ്ങും പറത്തുന്ന പൂജാരയുടെ പുതിയൊരു വിഡിയോയാണ് താരത്തിന്റെ ‘മാറ്റ’ത്തെക്കുറിച്ച് ചർച്ചയുയർത്തുന്നത്. ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങൾക്കു വേദിയൊരുക്കുന്ന മുംബൈയിലാണ് നിലവിൽ ചെന്നൈ ടീമിന്റെ പരിശീലനം. അവിടെ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ പൂജാര തുടർച്ചയായി സിക്സർ പറത്തുന്ന വിഡിയോ ഒരു ആരാധകനാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.ചെന്നൈ സൂപ്പർ കിങ്സിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനകളിലൊരാളായ ദീപക് ചാഹർ ഉൾപ്പെടെയുള്ളവരെ പൂജാര പ്രഹരിക്കുന്നത് വിഡിയോയിൽ കാണാം. സ്പിന്നർ കരൺ ശർമയെയും പൂജാര വെറുതെ വിടുന്നില്ല. ക്രീസിൽനിന്നും ചാടിയിറങ്ങി പന്ത് ഗാലറിയിലേക്ക് പറത്തുന്നതും വിഡിയോയിൽ വ്യക്തം. എന്തായാലും ‘ടെസ്റ്റ് സ്പെഷലിസ്റ്റ്’ എന്ന ലേബലുമായി ഇത്തവണ ഐപിഎലിന് എത്തുന്ന പൂജാര ആരാധകർക്കായി എന്തൊക്കെയോ സർപ്രൈസ് കാത്തുവച്ചിട്ടുണ്ടെന്ന് സൂചന നൽകുന്നതാണ് നെറ്റ്സിൽനിന്നുള്ള ഈ വിഡിയോ.കരിയറിലിതുവരെ 64 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പൂജാര, രാജ്യാന്തര ട്വന്റി20യിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. 64 ട്വന്റി20 മത്സരങ്ങളിലെ 56 ഇന്നിങ്സുകളിൽനിന്നായി 29.47 ശരാശരിയും 109.35 സ്ട്രൈക്ക് റേറ്റും സഹിതം 1356 റൺസാണ് പൂജാരയുടെ സമ്പാദ്യം. ട്വന്റി20യിൽ ഒരു സെഞ്ചുറിയും പൂജാരയുടെ പേരിലുണ്ട്. 2019ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ റെയിൽവേസിനെതിരെയാണ് സൗരാഷ്ട്ര താരമായ പൂജാര സെഞ്ചുറി നേടിയത്. അന്ന് 61 പന്തിൽ 100 റൺസുമായി പൂജാര പുറത്താകാതെ നിന്നു. 14 ഫോറുകൾ സഹിതമായിരുന്നു ഇത്.


Previous Post Next Post
Kasaragod Today
Kasaragod Today