ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ ആംബാന്‍ഡ് ലേലത്തിന്: ലക്ഷ്യം ചാരിറ്റി

 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ ആംബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഇരു കൈകാലുകളും തളര്‍ന്ന ആറു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് ആംബാന്‍ഡ് ലേലത്തിന് വെച്ചിരിക്കുന്നത്. ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെയാണ് ലേലം.


സെര്‍ബിയക്കെതിരായ മത്സരത്തിലാണ്‌ അവസാന നിമിഷം നേടിയ വിജയഗോൾ അനുവദിക്കാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോ ആംബാന്‍ഡ് ഊരിയെറിഞ്ഞത്. തന്റെ ഷോട്ട് ഗോൾലൈൻ കടന്നിട്ടും അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തിൽ പരസ്യമായി പ്രതിഷേധിച്ച റൊണാൾഡോ, ക്യാപ്റ്റന്റെ ആംബാൻഡ് ഊരിയെറിഞ്ഞ് ഫൈനൽ വിസിൽ മുഴങ്ങും മുൻപേ ഗ്രൗണ്ട് വിടുകയും ചെയ്തു. ഗോളിനായി വാദിച്ച് പ്രതിഷേധിച്ച റൊണാൾഡോക്ക് റഫറി മഞ്ഞക്കാർഡും നൽകി. ഈ ഗോൾ അനുവദിക്കാതിരുന്നതോടെ പോർച്ചുഗലും സെർബിയയും 2–2 സമനിലയിൽ പിരിയുകയായിരുന്നു.


അതേസമയം രാജ്യത്തിന്റെ മുഴുവൻ വികാരത്തേയും മുറിവേൽപ്പിച്ചതിനെ തുടർന്നാണ് സെർബിയക്കെതിരായ മത്സരത്തിനിടെ താൻ പ്രതിഷേധ സൂചകമായി ആംബാൻഡ് വലിച്ചെറിഞ്ഞതെന്ന് മത്സരശേഷം റൊണാൾഡോ വ്യക്തമാക്കിയിരുന്നു.പിന്നാലെ, പരിശീലകൻ ഫെർണാണ്ടോ സാന്റോസും സംഭവത്തിൽ റോണോക്ക് പിന്തുണയുമായെത്തി. റൊണാൾഡോയുടെ വികാരപ്രകടനം ന്യായമാണെന്നും, വിജയ ഗോളുകൾ നിഷേധിക്കപ്പെടുകയാണെങ്കിൽ ഇത് പോലെ തന്നെയാവും താരങ്ങൾ പ്രതികരിക്കുകയെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.


Previous Post Next Post
Kasaragod Today
Kasaragod Today