സൺഷേഡ് തകർന്നുള്ള യുവാവിന്റെ മരണം, ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും.

 ഇരിയ ∙ പൂണൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്നുള്ള യുവാവിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും. നിർമാണ തൊഴിലാളി മാലക്കല്ല് പറക്കയത്തെ പി.ആർ.മോഹനനാണ് പൂണൂരിലെ തമ്പാൻ നായരുടെ വീട് നിർമാണത്തിനിടെ തകർന്നു വീണ ഭീമൻ കോൺക്രീറ്റ് പാളികൾക്ക് അടിയിൽ‌പ്പെട്ട്  മരണപ്പെട്ടത്. അപകടത്തിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും പരുക്കേറ്റു. ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


ഇന്നലെ 12.30നാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. 7 തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. മരിച്ച മോഹനൻ വീടിന്റെ പിറകുവശത്തെ സൺഷേഡിനു അടിയിലും 3പേർ കല്ല് കെട്ടുന്ന തിരക്കിലും, മറ്റുള്ളവർ പ്രധാന കോൺക്രീറ്റിനു പലക അടിക്കുന്ന തിരക്കിലുമായിരുന്നു. ഇന്നലെ രാവിലെയാണ് സൺഷേഡിന്റെ പലകയും, തൂണും എടുത്തത്. പ്രധാന കോൺക്രീറ്റിന് പലക അടിക്കുന്ന ആഘാതത്തിൽ സൺഷേഡ് തകരുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു.പിറകു വശത്തെയും പാർശ്വഭാഗത്തെ ഒരു സൺഷേഡുമാണ് 5 വരി ഉയരത്തിൽ കെട്ടിയ ചെങ്കല്ലുകൾ ഉൾപ്പെടെ തകർന്ന് വീണത്. ശബ്ദം കെട്ട് മറ്റുള്ളവർ ഓടിയെത്തിയപ്പോൾ ഇതര സംസ്ഥാന തൊഴിലാളി കോൺക്രീറ്റ് പാളിക്ക് മുകളിൽ പരുക്കേറ്റ് നിലയിലായിരുന്നു. കരാറുകാരൻ ക്ലായി നെല്ലിക്കാട്ടെ പവിത്രനും മറ്റുള്ളവരും കൂടി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ഒരാളെ കൂടി കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്നാണ് മോഹനൻ കോൺക്രീറ്റ് പാളിക്ക് അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്.


നാട്ടുകാരും, തൊഴിലാളികളും ചേർന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പാളി മാറ്റി പുറത്തെടുക്കുമ്പോഴേയ്ക്കും മോഹനൻ മരിച്ചിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും, കാഞ്ഞങ്ങാട് നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തി. പറക്കമുറ്റാത്ത 2 പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണ് മോഹനന്റെ കുടുംബം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic