ഉദുമ തൃക്കരിപ്പൂർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി, മഞ്ചേശ്വരത്ത് ന്യുനപക്ഷ സ്ഥാനർഥിത്വം ബിജെപി ക്ക്ഗുണകരമാകുമെന്ന വിലരുത്തൽ, തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു

 കാസർകോട്∙  തൃക്കരിപ്പൂരിൽ എം. രാജഗോപാലനു പകരം എം.വി ബാലകൃഷ്ണൻ. ഉദുമയിൽ സി.എച്ച് കുഞ്ഞമ്പു. മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയം സംസ്ഥാന നേതൃത്വത്തിന് വിടാൻ ധാരണ. ജില്ലയിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളെ  സംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ ഇപ്രകാരമാണ്.സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി.പി മുസ്തഫ, കെ.ആർ.ജയാനന്ദ എന്നിവരുടെ പേരുകളാണ് മഞ്ചേശ്വരത്ത് പരിഗണിക്കുന്നത്. അതേ സമയം തൃക്കരിപ്പൂർ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ എം.രാജഗോപാലന് വീണ്ടും ഒരവസരം നൽകാതെ പാർട്ടി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ മത്സരിപ്പിക്കണമെന്ന നിർദേശം ഏറെ ശ്രദ്ധേയമാണ്.ജില്ലയിലെ പാർട്ടിയുടെ തലമുതിർന്ന നേതാവെന്ന നിലയിൽ ബാലകൃഷ്ണന് ഒരവസരം കൊടുക്കണമെന്ന പൊതു വികാരമാണ് തൃക്കരിപ്പൂരിൽ രാജഗോപാലന് പകരം ബാലകൃഷ്ണന്റെ പേര് ഉയരാൻ കാരണമെന്നാണ് വിവരം. 


അതേസമയം, എം.വി.ബാലകൃഷ്ണൻ മത്സരിച്ചാൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന നിർദേശവും പാർട്ടി സംസ്ഥാന നേതൃത്വത്തിന് മുന്നിൽവേക്കേണ്ടി വരും. അങ്ങനെ വന്നാൽ മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജനാർദനൻ, എം.രാജഗോപാലൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് വിവരം. 5ന് ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ചർച്ചയ്ക്കെടുക്കും. 10ന് ആണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ വി.പി.പി മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റിന്റെ പൊതുവേയുള്ള ധാരണ. എന്നാൽ ന്യുനപക്ഷ വോട്ടുകൾ വിഘടിച്ചാൽ അത് ബിജെപിക്ക് ഗുണകരമാവുന്ന അവസ്ഥ വരുമെന്ന ചിന്ത മുന്നിൽ കണ്ട് ഇത് സംബന്ധിച്ച വിശദമായ ചർച്ചയ്ക്ക് സംസ്ഥാന നേതൃത്വത്തിന് വിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, സംസ്ഥാന സെക്രട്ടേറിയറ്റ്  അംഗം എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റ് യോഗം നടന്നത്.എം.വി ബാലകൃഷ്ണൻ മത്സര രംഗത്തേക്ക് വരുമോ?


സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്ന  തീരുമാനം സിപിഎമ്മിനകത്ത് പുതിയ അഴിച്ച് പണികൾക്ക് വഴിയൊരുകുമെന്നുറപ്പായിരിക്കുകയാണ്. എം.വി ബാലകൃഷ്ണന് പകരം ജില്ലയിൽ പാർട്ടിയെ ആര് നയിക്കും എന്നത് സംബന്ധിച്ചുള്ള തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വത്തിന് മുന്നിൽവെക്കേണ്ടി വരും. ബാലകൃഷ്ണൻ മത്സരിച്ചാൽ സിറ്റിങ് എംഎൽഎയായ രാജഗോപാലന് സെക്രട്ടറി സ്ഥാനം നൽകുമോ എന്ന ചോദ്യം ഉയരുക സ്വഭാവികം. എന്നാൽ പാർട്ടിയുടെ തലമുതിർന്ന നേതാക്കളായ മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമൻ, പി.ജനാർദനൻ എന്നിവരെ പരിഗണിക്കുമോ എന്നതും കണ്ടറിയണം. അടുത്ത പാർട്ടി സമ്മേളനം വരെ സെക്രട്ടറിയുടെ ചുമതല നൽകാനാണ് സാധ്യത. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ജില്ലാ കമ്മിറ്റി അംഗീകരിച്ച് മണ്ഡലം കമ്മിറ്റികൾ  ചർച്ച ചെയ്തിട്ട് മാത്രമെ സ്ഥാനാർഥിയെ നിശ്ചയിക്കുകയുളളു. അത് കൊണ്ട് തന്നെ സെക്രട്ടേറിയറ്റിന്റെ നിർദേശം അന്തിമമായി കാണാൻ കഴിയില്ല. ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ ജില്ലയ്ക്ക് ഒരു മന്ത്രി സ്ഥാനം ഉറപ്പാണ്. ജില്ലയിലെ തലമുതിർന്ന നേതാവെന്ന നിലയിൽ എം.വി ബാലക‍ൃഷ്ണനെ സ്ഥാനാർഥിത്വത്തിന് പരിഗണിക്കാൻ ഇതും കാരണമായി എന്നാണറിയുന്നത്. 


തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സിപിഎം മികച്ച നേട്ടം കൊയ്തത് എം.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ആരെയും പിണക്കാതെ പാർട്ടിയെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിൽ കാണിച്ച മികവും ബാലകൃഷ്ണന് അനുകൂലമാണ്. ഒപ്പം പാർട്ടിയുടെ വർഗ ബഹുജന സംഘടനകളുടെ നേതൃ സ്ഥാനത്തടക്കം ഏറെക്കാലം പ്രവർത്തിച്ച ബാലകൃഷ്ണന് നിയമസഭയിലേക്ക് മത്സരിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല എന്നതും ഇത്തവണ പരിഗണിക്കുന്നതിന്കാരണമായി എന്നാണറിയുന്നത്.  അതെസമയം സംസ്ഥാന നേതൃത്വത്തിന് നൽകുന്ന പട്ടികയിൽ എം.വി ബാലകൃഷ്ണന്റെ പേരിനൊപ്പം എം.രാജഗോപാലന്റെ പേരും നൽകുവാനും ധാരണയായിട്ടുണ്ടെന്നാണ് വിവരം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic