കാസർകോട്: കടുത്ത ത്രികോണ മത്സരം നടക്കുന്ന കാസർകോട് നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർഥി നിർണയം സങ്കീർണമാകുന്നുയു.ഡി.എഫ്. കോട്ടയായ കാസർകോട്ട് പുറത്തുനിന്നുള്ള സ്ഥാനാർഥി എത്തുമെന്നുള്ള വാർത്ത ജില്ലാനേതൃത്വത്തെ ഇളക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതാക്കൾ നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നിട്ടും അഴീക്കോടുനിന്ന് കെ.എം. ഷാജി കാസർകോട്ടെത്തിയേക്കുമെന്ന വാർത്ത വന്നയുടൻ ജില്ലാ നേതാക്കൾ വ്യാഴാഴ്ച പാണക്കാട്ടെത്തി തങ്ങളുടെ വികാരം ആവർത്തിച്ചറിയിച്ചു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹിമാൻ എന്നിവരുടെ പേരുകളാണ് കാസർകോട് ഉയർന്ന് കേൾക്കുന്നത്.
യു.ഡി.എഫ്. സ്ഥാനാർഥി ചിത്രം തെളിഞ്ഞശേഷം സ്ഥാനാർഥിയെ തീരുമാനിക്കാമെന്ന നിലപാടിലാണ് ബി.ജെ.പി.യും എൽ.ഡി.എഫും.
കെ എം ഷാജി വരുമെന്നറിഞ്ഞ് ബിജെപി മുസ്ലിം സ്ഥാനാർഥി യെ തീരുമാനിച്ചിരുന്നു, ഷാജി വരില്ലെന്ന് അറിഞ്ഞതോടെ, ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിന്റെ പേര് ബി.ജെ.പി.യുടെ മുൻഗണന യിൽ വന്നു
. അദ്ദേഹം മഞ്ചേശ്വരത്തേക്ക് മാറുകയാണെങ്കിൽ സംസ്ഥാനതലത്തിൽ നിന്നുള്ള പുതുമുഖത്തെ ഇറക്കാനും ബി.ജെ.പി. ശ്രമങ്ങൾ നടത്തുന്നുണ്ട്.കാസർകോട് ഐ.എൻ.എല്ലിനാണ് നൽകിയിട്ടുള്ളതെങ്കിലും കളമറിഞ്ഞ് കളിക്കാനറിയുന്ന പൊതുസ്വതന്ത്രനെ രംഗത്തിറക്കാനുള്ള ആലോചനയും എൽ.ഡി.എഫിൽ നടക്കുന്നുണ്ട്. വ്യവസായ പ്രമുഖൻ പി.ബി. അഷ്‌റഫിന്റെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെയും പേരുകളാണ് പരിഗണനാപട്ടികയിലുള്ളത്. ഏതായാലും കഴിഞ്ഞ തിരഞ്ഞെടുപ്പിലേതുപോലെ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ കെട്ടിയിറക്കി മത്സരിപ്പിക്കാനുളള ശ്രമം ഇത്തവണ ഉണ്ടാകില്ലെന്നുറപ്പാണ്.
കാസർകോട് നഗരസഭയും ബദിയഡുക്ക, ബെള്ളൂർ, ചെങ്കള, കാറഡുക്ക, കുംബഡാജെ, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർകോട് നിയോജക മണ്ഡലം.