കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായും സുതാര്യമായും നടത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് സംവിധാനവും വരണാധികാരികളും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ അറിയിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു വിശദീകരിച്ചു.
പാര്‍ലിമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പിലും ജില്ലയിലെ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരണമെന്ന് കളക്ടര്‍ പറഞ്ഞു.
കോര്‍ണര്‍ യോഗങ്ങള്‍ പാടില്ല. ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് അനുവദിക്കില്ല. കമ്മീഷന്‍ അംഗീകരിച്ച പൊതു മൈതാനങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാം. കോവിഡ് വ്യാപനം തടയാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. പരാതികള്‍ സി വിജില്‍ ആപ് ഉപയോഗിച്ചും അപേക്ഷകള്‍ ഇ സുവിധ പോര്‍ട്ടല്‍ ഉപയോഗിച്ചും നല്‍കണം.
സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് 80 വയസു കഴിഞ്ഞ വോട്ടര്‍മാര്‍ക്കും അംഗപരിമിതരായ വോട്ടര്‍മാര്‍ക്കും ലഭ്യമാക്കും. കോവിഡ് രോഗികള്‍ക്കും രോഗസാധ്യതയുള്ള നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കും. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ ബാലറ്റ് പേപ്പര്‍ കൊണ്ടു കൊടുക്കും.
അപ്പോള്‍ തന്നെ വോട്ടര്‍ സമ്മതിദാനം വിനിയോഗിച്ച് തിരിച്ച് നല്‍കണം. ഇത് സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍ നേരിട്ട് വാങ്ങി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ഇതിനു പുറമെയുള്ള കോവിഡ രോഗികള്‍ക്ക് വോട്ടെടുപ്പ് ദിവസം ബൂത്തില്‍ വൈകീട്ട് ആറ് മുതല്‍ ഏഴ് വരെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും.